വിക്രമിന് സമയമില്ല, പകരം പൃഥ്വി എത്തും!

Webdunia
ബുധന്‍, 28 മെയ് 2014 (19:20 IST)
തിരക്കഥാകൃത്ത് സഞ്ജയ് - ബോബിയും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും തങ്ങളുടെ പത്തുവര്‍ഷം പ്രായമുള്ളൊരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുകയാണ്. ആഗോള മാനങ്ങളുള്ള, അന്താരാഷ്ട്ര നിലവാരമുള്ള ഒരു സിനിമ. തമിഴ് നടന്‍ വിക്രമിനെ നായകനാക്കിയാണ് ചിത്രം പ്ലാന്‍ ചെയ്തത്.
 
എന്നാല്‍ വിക്രമിന്‍റെ ഡേറ്റ് പ്രോബ്ലം കാരണം പുതിയ നായകനെ കണ്ടെത്തിയിരിക്കുകയാണ് റോഷനും കൂട്ടരും. പൃഥ്വിരാജാണ് വിക്രമിന് പകരം ഈ ചിത്രത്തില്‍ നായകനാകുന്നത്. നൈല ഉഷയാണ് ഈ ചിത്രത്തില്‍ നായിക. 
 
“ഞങ്ങളുടെ നല്ല സുഹൃത്താണ് പൃഥ്വി. ഒരു കഥാപാത്രമായി മാറാന്‍ പൃഥ്വി നടത്തുന്ന സമര്‍പ്പണമാണ് ഞങ്ങള്‍ക്ക് അദ്ദേഹത്തില്‍ ഏറ്റവും ഇഷ്ടമായ ഘടകം. മുംബൈ പൊലീസ് എന്ന സിനിമ അദ്ദേഹം സ്വീകരിച്ചതുതന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. അയാളും ഞാനും തമ്മില്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് രാത്രി വൈകിയും മൂന്നാറിലെ തണുപ്പില്‍ പൃഥ്വി കാട്ടിയ സഹകരണം മറ്റൊരു ഉദാഹരണം” - പുതിയ ചിത്രത്തിലേക്ക് പൃഥ്വിരാജിനെ തീരുമാനിച്ചതിനെക്കുറിച്ച് സഞ്ജയും ബോബിയും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.