മുരുഗദോസോ ഷങ്കറോ? രജനികാന്തിന്‍റെ അടുത്ത സിനിമ ആര്‍ക്ക്?

Webdunia
ശനി, 14 മാര്‍ച്ച് 2015 (16:11 IST)
കോച്ചടൈയാനും ലിങ്കയും തകര്‍ന്നതോടെ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വലിയ പ്രതിസന്ധിയിലാണ്. പകരം വയ്ക്കാനില്ലാത്ത സൂപ്പര്‍താരപദവിക്ക് തന്നെ ഇളക്കം തട്ടിത്തുടങ്ങിയോ എന്ന് രജനി ആരാധകര്‍ക്കും സംശയം. അതോടെ രജനിയുടെ അടുത്ത സിനിമ ആര് സംവിധാനം ചെയ്യും എന്ന കാര്യത്തിലും വലിയ കണ്‍‌ഫ്യൂഷനാണ് നിലനില്‍ക്കുന്നത്. ഏറ്റവും പുതിയ ചില റിപ്പോര്‍ട്ടുകളില്‍ എ ആര്‍ മുരുഗദോസിന് നറുക്ക് വീണതായാണ് കാണുന്നത്. ആസ്കാര്‍ രവിചന്ദ്രനായിരിക്കും ഈ പ്രൊജക്ടിന്‍റെ നിര്‍മ്മാതാവെന്നും കേള്‍ക്കുന്നു.
 
എല്ലാ താരങ്ങള്‍ക്കും വേണ്ടിയുള്ള കഥകള്‍ എപ്പോഴും സ്റ്റോക്കുള്ള മുരുഗദോസ് രജനിക്കുവേണ്ടിയും ഒരു പവര്‍പാക് ആക്ഷന്‍ ത്രില്ലര്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമൊന്നും ആയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മുരുഗദോസ് ഇപ്പോല്‍ സൊനാക്ഷി സിന്‍‌ഹയെ നായികയാക്കി ഒരു ഹിന്ദിച്ചിത്രം ചെയ്യുന്ന തിരക്കിലാണ്.
 
അതേസമയം, ഷങ്കര്‍ ‘എന്തിരന്‍ 2’ ഉടന്‍ തുടങ്ങുമെന്നും രജനി അതില്‍ നായകനാകുമെന്നും വിവരമുണ്ട്. ഇതും അഭ്യൂഹമാണ്. രജനിയുടെ ആരോഗ്യനില എന്തിരന്‍ 2ന് പറ്റുന്നതല്ലെന്നും അതിനാല്‍ അജിത്തിനെയോ ആമിര്‍ഖാനെയോ നായകനാക്കാന്‍ ഷങ്കര്‍ ആലോചിക്കുന്നു എന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഏറെ കൊട്ടിഘോഷിച്ച ‘ഐ’ വേണ്ടത്ര വിജയമാകാത്തതിനാല്‍ ഷങ്കറിനോട് രജനിക്കും താല്‍പ്പര്യക്കുറവുള്ളതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 
ഹരി, പി വാസു എന്നീ ഹിറ്റ്മേക്കര്‍മാരെയും രജനി ക്യാമ്പ് അടുത്ത ചിത്രം ഏല്‍പ്പിക്കാന്‍ പരിഗണിക്കുന്നുണ്ട്. വേറൊരു സൂചനയുള്ളത്, ‘ദളപതി 2’ ചെയ്യാന്‍ മണിരത്നം ആലോചിക്കുന്നു എന്നാണ്. എന്തായാലും രജനികാന്ത് മനസുതുറക്കും വരെ കാത്തിരിക്കുകയല്ലാതെ മറ്റ് വഴികളില്ല.