മഞ്ജു വാര്യര്‍ സിനിമയിലേക്ക് വീണ്ടും; നായകന്‍ മോഹന്‍ലാല്‍

Webdunia
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2013 (11:22 IST)
PRO
PRO
മഞ്ജു വാര്യര്‍ സിനിമയിലേക്ക് വീണ്ടും. മോഹന്‍ലാലാണ് നായകന്‍. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് തിരിച്ചുവരവ്. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ രഞ്ജിത്ത് സ്ഥിരീകരിച്ചു. നവംബറിലോ ഡിസംബറിലോ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതിയ സിനിമയ്ക്കായി മഞ്ജു വാര്യര്‍ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു.

അതേസമയം, മഞ്ജുവിന് മറ്റൊരു നായികയ്ക്കും ലഭിക്കാത്ത കനത്ത പ്രതിഫലമാണ് നല്‍കുന്നത്. എന്നാല്‍ പ്രതിഫല തുക എത്രയെന്ന് വെളിപ്പെടുത്താന്‍ നിര്‍മ്മാതാവ് തയ്യാറായിട്ടില്ല.പതിനഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മഞ്ജു വാര്യര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നത്. പരസ്യ ചിത്രത്തില്‍ അഭിനയിച്ച് മഞ്ജു ക്യാമറയ്ക്ക് മുന്നിലെത്തിയിരുന്നു. ഇത് മഞ്ജുവിന്റെ തിരിച്ചു വരവിന്റെ മുന്നോടിയായി മാധ്യമങ്ങള്‍ വിലയിരുത്തിയിരുന്നു.

മോഹന്‍ലാലിനും മഞ്ജുവിനും തുല്യപ്രാധാന്യമുള്ള സിനിമയാണ് ഒരുക്കുന്നതെന്ന് സംവിധായകന്‍ രഞ്ജിത് വ്യക്തമാക്കി. പുതിയ സിനിമ ആറാം തമ്പുരാന്റെ രണ്ടാം ഭാഗമല്ലെന്നും പുതിയ കഥയും കഥാസന്ദര്‍ഭങ്ങളുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.