ബ്ലെസിയുടെ ശ്വേതാമേനോന്‍ ചിത്രം - അഭിമന്യു കേട്ട കഥ!
തിങ്കള്‍, 2 ജൂലൈ 2012 (16:32 IST)
PRO
ബ്ലെസിയുടെ ‘പ്രണയം’ ഒരു പരീക്ഷണമായിരുന്നു. ജീവിതത്തില്‍ രണ്ട് പുരുഷന്‍മാരുള്ള ഒരു സ്ത്രീയുടെ മാനസികാവസ്ഥയാണ് ആ ചിത്രം പറയാന്‍ ശ്രമിച്ചത്. വളരെ കോംപ്ലിക്കേറ്റഡായ ഒരു വിഷയത്തെ ലളിതമായി അവതരിപ്പിക്കാന്‍ ബ്ലെസിക്ക് കഴിഞ്ഞു. എന്തായാലും പ്രണയത്തിന്‍റെ വിജയം ബ്ലെസിക്ക് പുതിയൊരു ഊര്‍ജ്ജമാണ് സമ്മാനിച്ചത്.
‘ആടുജീവിതം’ എന്ന സ്വപ്നപദ്ധതി മാറ്റിവച്ച് ബ്ലെസി മറ്റൊരു പ്രൊജക്ടിലേക്ക് കടന്നിരിക്കുകയാണ്. ഈ ചിത്രത്തേക്കുറിച്ചുള്ള വാര്‍ത്തകളൊക്കെ എല്ലാ മാധ്യമങ്ങളിലും വന്നുകഴിഞ്ഞു. ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. ശ്വേതാ മേനോന്‍ തന്‍റെ ഗര്‍ഭകാലവും പ്രസവവും ബ്ലെസി ചിത്രത്തിന് വേണ്ടി ലൈവ് ആയി ഷൂട്ട് ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു എന്നതാണ് പ്രൊജക്ടിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഒരു സ്ത്രീ ഗര്‍ഭിണിയായതു മുതല്‍ പ്രസവിക്കുന്നത് വരെയുള്ള കാര്യങ്ങളാണ് സിനിമയില്‍ പറയുന്നത്. ഗര്‍ഭസ്ഥ ശിശുവും അമ്മയും തമ്മിലുള്ള സംഭാഷണങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.
ഒരു പുരാണ കഥയാണ് ഈ സിനിമയുടെ കഥയ്ക്ക് ബ്ലെസിക്ക് പ്രേരണയായത്. അര്‍ജുനന്‍ ഗര്‍ഭിണിയായ പത്നി സുഭദ്രയോട് ചക്രവ്യൂഹത്തേക്കുറിച്ച് വിശദീകരിച്ചുകൊടുത്തത് ഗര്‍ഭസ്ഥശിശുവായ അഭിമന്യു കേട്ടുപഠിച്ചെന്നാണ് മഹാഭാരത കഥ. ചക്രവ്യൂഹത്തില്‍ നിന്ന് എങ്ങനെ പുറത്തുകടക്കണം എന്നതിനെക്കുറിച്ച് അര്‍ജുനന്‍ പറയുന്നതിന് മുമ്പ് സുഭദ്ര ഉറങ്ങിപ്പോയത്രെ. അതുകൊണ്ട് അഭിമന്യുവിന് അത് മനസിലാക്കാന്‍ സാധിച്ചില്ല. കുരുക്ഷേത്രയുദ്ധത്തില്‍ ചക്രവ്യൂഹത്തില്‍ പെട്ട് അഭിമന്യുവിന് വീരമരണം സംഭവിക്കുകയും ചെയ്തു.
അഭിമന്യുവിന്‍റെ ഈ കഥയാണ് ‘ഗര്‍ഭസ്ഥ ശിശു എല്ലാം അറിയുന്നു’ എന്ന സത്യത്തേക്കുറിച്ച് ഒരു സിനിമയെടുക്കാന്‍ ബ്ലെസിയെ പ്രേരിപ്പിച്ചത്. കഥ കേട്ടതോടെ തന്‍റെ ഗര്‍ഭകാലം ഈ സിനിമയ്ക്കായി സമര്‍പ്പിക്കാന്‍ ശ്വേതാ മേനോന്‍ തയ്യാറാവുകയായിരുന്നു.
വാല്‍ക്കഷണം: വിഖ്യാത ഹംഗേറിയന്‍ സംവിധായിക മാര്‍ത്ത മെസൊറസിന്‍റെ ‘നയന്‍ മന്ത്‌സ്’ എന്ന സിനിമ സമാനമായ പ്രമേയമാണ് ചര്‍ച്ച ചെയ്തത്. ആ ചിത്രത്തില്‍ നായിക ലിലി മൊനൊറിയുടെ യഥാര്‍ത്ഥ ഗര്‍ഭകാലവും പ്രസവവുമാണ് ചിത്രീകരിച്ചത്.