ഫറാ ഖാന്‍റെ ഭര്‍ത്താവിന് ഷാരുഖ് ഖാന്‍റെ തല്ല്!

Webdunia
തിങ്കള്‍, 30 ജനുവരി 2012 (17:41 IST)
IFM
സംവിധായകനും പ്രശസ്ത കോറിയോഗ്രാഫര്‍ ഫറാ ഖാന്‍റെ ഭര്‍ത്താവുമായ ശിരിഷ് കുന്ദറിന് നേരെ ഷാരുഖ് ഖാന്‍റെ വക കൈയേറ്റം. ‘അഗ്നീപഥ്’ എന്ന സിനിമയുടെ വിജയാഘോഷച്ചടങ്ങിലാണ് ഷാരുഖ് ഖാന്‍റെ ‘പ്രകടനം’ അതിരുകടന്നത്. എന്തായാലും ഷാരുഖിന്‍റെ നടപടി ബോളിവുഡില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

സഞ്ജയ് ദത്താണ് ആഘോഷച്ചടങ്ങ് സംഘടിപ്പിച്ചത്. ഫിലിം ഫെയര്‍ അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് ഷാരുഖ് ഈ പരിപാടിക്കെത്തിയത്. ഷാരുഖ് മദ്യപിച്ച് നിലകെട്ട അവസ്ഥയിലായിരുന്നു എന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറയുന്നു. ഷാരുഖ് കടന്നു വന്നതും ശിരിഷ് കുന്ദറുമായി വാഗ്വാദത്തിലേര്‍പ്പെടുകയും അദ്ദേഹത്തെ തള്ളി താഴെയിടുകയുമായിരുന്നു.

സംഭവത്തില്‍ പെട്ടെന്ന് ഷോക്കിലായിപ്പോയ മറ്റുള്ളവര്‍ ഉടന്‍ തന്നെ ഇടപെട്ടു. എന്നാല്‍ ശിരിഷ് കുന്ദറെ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ഷാരുഖിനെ തണുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഓറസ് ഉടമ ബാബ ദീവാനുനേരെ ഷാരുഖ് തട്ടിക്കയറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിരിഷിനെ കൈയേറ്റം ചെയ്യാന്‍ മാത്രം എന്താണ് ഷാരുഖിനെ പ്രകോപിപ്പിച്ചതെന്ന് വ്യക്തമായിട്ടില്ല.

എന്നാല്‍, ഷാരുഖിനെയും പ്രിയങ്ക ചോപ്രയെയും കുറിച്ച് ശിരിഷ് കുന്ദര്‍ എന്തോ കമന്‍റ് പറഞ്ഞതാണ് ഷാരുഖ് ഖാന് കലികയറാന്‍ കാരണമെന്നാണ് ചില ദൃക്‌സാക്ഷികള്‍ പറയുന്നത്. എന്തായാലും ഈ സംഭവത്തില്‍ ബോളിവുഡിലെ പ്രമുഖരെല്ലാം ഷാരുഖിനെതിരായ സമീപനമാണ് കൈക്കൊണ്ടിരിക്കുന്നതെന്നാണ് സൂചന.

ശിരിഷിന്‍റെ ഭാര്യയും ഷാരുഖിന്‍റെ അടുത്ത സുഹൃത്തുമായ ഫറാ ഖാന്‍ സംഭവത്തോട് പ്രതികരിച്ചതിങ്ങനെ - “ശാരീരികമായ ആക്രമണം ഒരു പ്രശ്നത്തിനും പരിഹാരമല്ല എന്ന് ഷാരുഖ് എപ്പോഴും പറയാറുള്ളതാണ്. അദ്ദേഹത്തില്‍ നിന്നുതന്നെ ഇത്തരമൊരു പെരുമാറ്റമുണ്ടായത് തീര്‍ത്തും ദുഃഖകരമാണ്”.