പൃഥ്വിരാജ് വീണ്ടും - ആന്‍റണി മോസസ് ഐ പി എസ്!

തിങ്കള്‍, 5 മാര്‍ച്ച് 2012 (20:48 IST)
PRO
യുവതാരങ്ങളില്‍ ഏറ്റവും കൂടുതല്‍ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ആരായിരിക്കും? അത് ബിഗ്സ്റ്റാര്‍ പൃഥ്വിരാജ് അല്ലാതെ മറ്റാര്? അല്ലേ. സിനിമയില്‍ തന്‍റെ തുടക്ക കാലം മുതല്‍ പൊലീസ് കഥാപാത്രങ്ങളായി മിന്നിത്തിളങ്ങിയ നടനാണ് പൃഥ്വി. മമ്മൂട്ടിക്കും സുരേഷ്ഗോപിക്കും ശേഷം ഉശിരന്‍ പൊലീസ് ഉദ്യോഗസ്ഥരെ അവതരിപ്പിക്കാന്‍ പൃഥ്വി കഴിഞ്ഞിട്ടേയുള്ളൂ മറ്റാരും.

സത്യം, കാക്കി, ഒരുവന്‍, മനുഷ്യമൃഗം, പൊലീസ്, ദി ത്രില്ലര്‍ തുടങ്ങിയ സിനിമകളിലും തമിഴില്‍ രാവണനിലും തെലുങ്കില്‍ പൊലീസ് പൊലീസിലും പൃഥ്വിരാജ് പൊലീസ് വേഷത്തില്‍ എത്തി. പുതിയ ചിത്രമായ മാസ്റ്റേഴ്സിലും പൃഥ്വിരാജ് പൊലീസാണ്.

എന്നാല്‍ ഇനിയൊരു സ്പെഷ്യല്‍ ഫിലിം വരുന്നുണ്ട്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘മുംബൈ പൊലീസ്’. ഈ സിനിമയില്‍ ആന്‍റണി മോസസ് ഐ പി എസ് എന്നാണ് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. സഞ്ജയ് - ബോബി ടീമാണ് തിരക്കഥ എഴുതുന്നത്.

പൊലീസ് സേനയിലെ ചങ്കൂറ്റമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഡെഡിക്കേറ്റ് ചെയ്തുകൊണ്ട് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന മുംബൈ പൊലീസ് ഒരു ആക്ഷന്‍ ത്രില്ലറാണ്. കാസനോവയുടെ പരാജയത്തില്‍ നിന്ന് കരകയറാന്‍ റോഷനും സഞ്ജയ് - ബോബി ടീമിനും മുംബൈ പൊലീസ് ഒരു വന്‍ വിജയമാക്കി മാറ്റേണ്ടതുണ്ട്.

വെബ്ദുനിയ വായിക്കുക