പദ്‌മരാജന്‍ സിനിമകളുടെ പേരുപോലെ ആകര്‍ഷണീയം എന്നായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് തന്‍റെ പുതിയ പടത്തിന്‍റേ പേര് പ്രഖ്യാപിച്ചപ്പോള്‍ തോന്നിയത് - 'നാളെ രാവിലെ'. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ നൈല ഉഷ നായികയാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സഞ്‌ജയ് ബോബിയുടേതായിരുന്നു തിരക്കഥ.
റോഷനും സഞ്‌ജയും ബോബിയും കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി മനസിലിട്ട് താലോലിച്ച സബ്‌ജക്ടായിരുന്നു അത്. പിന്നീട് കേട്ടത് ഈ പ്രൊജക്ടില്‍ നിന്ന് പൃഥ്വി പിന്‍മാറി എന്നാണ്. അതിനുശേഷം കുറച്ചുകാലമായി ‘നാളെ രാവിലെ’ എന്ന പ്രൊജക്ടിനെപ്പറ്റി അധികം വാര്‍ത്തകള്‍ വന്നില്ല.
റോഷന്‍ ആന്‍ഡ്രൂസ് ഇതിനിടെ ഹൌ ഓള്‍ഡ് ആര്‍ യു, 36 വയതിനിലേ എന്നീ സിനിമകള്‍ ചെയ്തു. പിന്നീട് ‘സ്കൂള്‍ ബസ്’ വന്നു. ആയിടെയാണ് പുതിയൊരു വാര്‍ത്ത എത്തിയത്. റോഷന്‍ ആന്‍ഡ്രൂസിന്‍റെ അടുത്ത സിനിമ ‘നാളെ രാവിലെ’. നായകന്‍ കുഞ്ചാക്കോ ബോബന്‍!
പൃഥ്വിരാജിന് പകരം കുഞ്ചാക്കോ ബോബനെ നായകനാക്കാന്‍ റോഷന്‍ ആന്‍ഡ്രൂസ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കാന്‍ പദ്ധതിയിട്ടു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. പിന്നീട് ഇതുവരെ ആ പ്രൊജക്ടിനെപ്പറ്റി അധികമൊന്നും കേട്ടില്ല. ഇപ്പോഴിതാ ഒരു വാര്‍ത്ത പ്രചരിക്കുന്നു. ‘നാളെ രാവിലെ’ എന്ന പ്രൊജക്ട് വേണ്ടെന്നുവച്ചിരിക്കുന്നു!
എന്താണ് ‘നാളെ രാവിലെ’ ഉപേക്ഷിക്കാനുണ്ടായ കാരണം എന്ന് വ്യക്തമല്ല. എന്തായാലും നല്ല സിനിമകളുടെ ആസ്വാദകര്‍ക്ക് ഏറെ നിരാശയുണ്ടാക്കുന്ന വാര്‍ത്തയാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല.
വാല്‍ക്കഷണം: അപ്രതീക്ഷിതമായി ചില സംഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു സമയത്ത് പെട്ടെന്നുണ്ടായ ചില മാറ്റങ്ങള്‍ നിങ്ങള്‍ക്ക് സഹായകമായിട്ടുണ്ടോ? ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഒരു സമയത്ത് നിങ്ങളുടെ ജീവിതത്തില്‍ ഒരു മിറാക്കിള്‍ സംഭവിച്ചിട്ടുണ്ടോ? അത്തരം ഒരു മിറാക്കിള്‍ സംഭവിക്കുന്ന ജീവിതമായിരുന്നു റോഷന്‍ ആന്‍ഡ്രൂസ് 'നാളെ രാവിലെ'യില്‍ പറയാനിരുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന മിറാക്കിളുകളുടെ കഥ.