നാടിളക്കി മറിച്ച്‌ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ്‌ എത്തി

വെള്ളി, 18 മാര്‍ച്ച് 2011 (17:50 IST)
PRO
PRO
മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സിന്‌ ഇരിങ്ങാലക്കുടയില്‍ വന്‍ വരവേല്‍പ്പ്‌. ആരാധകര്‍ മോഹന്‍ലാലിന്റെ ഫ്‌ളക്‌സ്‌ ബോര്‍ഡില്‍ പാലഭിഷേകത്തോടെയാണ്‌ ചിത്രത്തെ വരവേറ്റത്‌. കൊഴുപ്പു കൂട്ടാന്‍ ശിങ്കാരിമേളവും ഉണ്ടായിരുന്നു. ടിക്കറ്റിനായി വന്‍ ജനാവലി മണിക്കൂറുകള്‍ക്കു മുമ്പേ കാത്തിരിപ്പു തുടങ്ങി. ആദ്യ ഷോ 12 മണിക്ക്‌ ആരംഭിക്കും. തിയേറ്ററിനു പുറത്ത്‌ മോഹന്‍ലാലിന്റെ ഫ്‌ളക്‌സ്‌ ബോര്‍ഡുകളാല്‍ അലങ്കരിച്ചിരിക്കുകയാണ്‌. ക്രിസ്ത്യന്‍ ബ്രദേഴ്സ് റിലീസ് ചെയ്തിരിക്കുന്ന കേരളത്തിലെ തീയേറ്ററുകളിലെല്ലാം ഇതേ ആഘോഷങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

മോഹന്‍‌ലാലിനൊപ്പം സുരേഷ്‌ഗോപി, ദിലീപ്‌, തമിഴ്‌ നടന്‍ ശരത്‌കുമാര്‍ എന്നിവര്‍ അണിചേരുന്ന ഈ മള്‍‌ട്ടി സ്റ്റാര്‍ ചിത്രം ചില്ലറ റെക്കോര്‍ഡുകളൊന്നുമല്ല ഇട്ടിരിക്കുന്നത്. കേരളത്തില്‍ മാത്രം 170 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ചെന്നൈയില്‍ ഏഴ് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. മൊത്തം 300 പ്രിന്‍റുകള്‍ റിലീസ് ചെയ്യും. തിരുവനന്തപുരത്ത് മാത്രം ശ്രീകുമാര്‍, ന്യൂ, ശ്രീവൈശാഖ് എന്നിങ്ങനെ മൂന്ന് തീയേറ്ററുകളിലാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ് റിലീസ് ചെയ്തിരിക്കുന്നത്.

മലയാളത്തിലെ മറ്റു ചാനലുകളുമായി മത്സരിച്ച് മൂന്ന് കോടി രൂപയുടെ വന്‍ തുകയ്ക്ക് ഏഷ്യാനെറ്റാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. മറ്റൊരു മള്‍‌ട്ടിസ്റ്റാര്‍ ചിത്രമായ ട്വന്റി20-യെ സൂര്യ ടിവി 2.86 കോടിയ്ക്ക് വാങ്ങിയതിന്റെ ക്ഷീണം തീര്‍ക്കാന്‍ മമ്മൂട്ടി - ഹരിഹരന്‍ ടീമിന്റെ പഴശ്ശിരാജ എന്ന സിനിമ ഏഷ്യാനെറ്റ് 2.60 കോടിയ്ക്ക് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ക്രിസ്ത്യന്‍ ബ്രദേഴ്സ് ഈ റെക്കോര്‍ഡുകളെല്ലാം ചാക്കില്‍ കെട്ടിയിരിക്കുകയാണ്.

അഞ്ച് കോടിയ്ക്ക് മേല്‍ ചെലവ് വന്ന ചിത്രത്തിന്റെ സാറ്റലൈറ്റ്, ഓവര്‍സീസ്, ഓഡിയോ റൈറ്റുകള്‍ എന്നിവ വിറ്റ വന്‍ തുക കണക്കാക്കുമ്പോള്‍ റിലീസിന് മുമ്പേ ക്രിസ്ത്യന്‍ ബ്രദേഴ്സ് ലാഭത്തിലാണ്. ഇനി പ്രേക്ഷകരുടെ വിധിയെഴുത്ത് മാത്രമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന് മുന്നിലുള്ളത്. ‘പൊരി ചാക്കു’ ആയി മോഹന്‍‌ലാല്‍ തകര്‍ത്ത് അഭിനയിക്കുകയാണെന്നാണ് തീയേറ്ററുകളില്‍ നിന്ന് മൊബൈല്‍ വഴി ആരാധകര്‍ ട്വീറ്റുന്നത്.

വെബ്‌ദുനിയ മലയാളം പ്രസിദ്ധീകരിച്ച ‘ക്രിസ്ത്യന്‍ ബ്രദേഴ്സി’ന്റെ നിരൂപണം ഇവിടെ വായിക്കുക.

(വാര്‍ത്തയ്ക്കും ചിത്രത്തിനും കടപ്പാട് - ഇരിഞ്ഞാലക്കുട ഡോട്ട് കോം)

വെബ്ദുനിയ വായിക്കുക