തന്‍റെ പുതിയ ചിത്രമായ 'ജിഗര്‍തണ്ട'യെ നശിപ്പിക്കാനായി വൃത്തികെട്ട കളികളാണ് നടക്കുന്നതെന്ന് ചിത്രത്തിലെ നായകന്‍ സിദ്ധാര്‍ത്ഥ്. താനും സംവിധായകനും ഉള്‍പ്പടെ എല്ലാവരുടെയും ഹൃദയം തകര്‍ന്നിരിക്കുകയാണെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.
മാസങ്ങള്‍ക്ക് മുമ്പേ റിലീസിന് തയ്യാറായ ചിത്രമാണ് ജിഗര്‍തണ്ട. എന്നാല്‍ പലവിധ കാരണങ്ങള്‍ കൊണ്ട് ചിത്രം തിയേറ്ററുകളിലെത്തിയില്ല. നിര്‍മ്മാതാവും സംവിധായകനും തമ്മിലുള്ള തര്‍ക്കമാണ് ചിത്രം പ്രദര്‍ശനത്തിനെത്താന്‍ വൈകുന്നതിന് കാരണമെന്നായിരുന്നു മുമ്പ് ലഭിച്ച വിവരം. 'പിസ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയ കാര്‍ത്തിക് സുബ്ബരാജിന്‍റെ രണ്ടാമത്തെ സിനിമയാണ് ജിഗര്‍തണ്ട. ലക്ഷ്മി മേനോന്‍ നായികയായ ഈ സിനിമയുടെ നിര്‍മ്മാതാവ് കതിരേശന്‍ ആണ്.
ഒടുവില്‍ ജൂലൈ 25ന് റംസാന്‍ റിലീസായി ജിഗര്‍തണ്ട പ്രദര്‍ശനത്തിനെത്തിക്കാന്‍ തീരുമാനിച്ചു. പുതിയ വിവരം അനുസരിച്ച് ജിഗര്‍തണ്ടയുടെ റിലീസ് വീണ്ടും മാറ്റിയിരിക്കുകയാണ്.
"ജിഗര്‍തണ്ട ആരാധകരോട് സോറി പറയുന്നു. ബാഹ്യസമ്മര്‍ദ്ദങ്ങള്‍ കാരണം ജിഗര്‍തണ്ടയുടെ റിലീസ് വീണ്ടും മാറ്റിയിരിക്കുകയാണ്. ഞാനും സംവിധായകനും ഞങ്ങളുടെ ടീമും ഏറെ കഠിനാദ്ധ്വാനം ചെയ്ത ചിത്രമാണ് ജിഗര്‍തണ്ട. ഞങ്ങളെ ഒന്ന് പരിഗണിക്കുക പോലും ചെയ്യാതെ, ഞങ്ങളുടെ അറിവോ സമ്മതമോ ചര്‍ച്ചയോ കൂടാതെ ജിഗര്‍തണ്ട മാറ്റിവച്ചിരിക്കുകയാണ്. ഈ വൃത്തികെട്ട കളി നടത്തുന്നത് ആരാണെങ്കിലും അവര്‍ക്ക് ഞങ്ങളുടെ യാത്ര വൈകിപ്പിക്കാനാകും, എന്നാല്‍ അത് അവസാനിപ്പിക്കാനാവില്ല. ഒരു നല്ല സിനിമ ഈ രീതിയില്‍ കൊല്ലപ്പെടാന്‍ പാടില്ല. ഹൃദയം തകരുന്നു. സിനിമയെ ദൈവം രക്ഷിക്കട്ടെ" - സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു.
മധുര പശ്ചാത്തലമാക്കിയുള്ള ത്രില്ലറാണ് ജിഗര്‍തണ്ട. എന്തായാലും ചിത്രം എന്ന് പ്രദര്‍ശനത്തിനെത്തുമെന്ന് ഇനി കാത്തിരുന്ന് കാണാം.