ദിലീപ് നായകന്‍; മലര്‍വാടി ആര്‍ട്സ് ക്ലബ്!

Webdunia
ചൊവ്വ, 26 മെയ് 2009 (19:13 IST)
PROPRO
ദിലീപ് നായകനാകുന്ന പുതിയ സിനിമയാണ് ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’. ദിലീപ് തന്നെ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ സംവിധായകന്‍ ആരെന്നറിയണ്ടേ? സാക്ഷാല്‍ വിനീത് ശ്രീനിവാസന്‍!

വിനീത് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് മലര്‍വാടി ആര്‍ട്സ് ക്ലബ്. പേരിലെ പുതുമ സിനിമയിലും ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ വിനീത്. നായകനായി ദിലീപ് എന്നല്ലാതെ മറ്റ് താരങ്ങളെയോ സാങ്കേതിക വിദഗ്ധരെയോ തീരുമാനിച്ചിട്ടില്ല. തിരക്കഥയും വിനീത് തന്നെയാണ് രചിക്കുന്നത്.

ഇതോടെ ‘അച്ഛന്‍റെ മകനാ’ണ് താനെന്ന് തെളിയിക്കാന്‍ ഒരുങ്ങുകയാണ് വിനീത്. മുമ്പ് ചില ആല്‍ബങ്ങളും ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട് വിനീത് ശ്രീനിവാസന്‍. വിനീതിന്‍റെ ‘കോഫി അറ്റ് എം ജി റോഡ്’ എന്ന ആല്‍ബം വന്‍ ഹിറ്റായിരുന്നു.

ആദ്യമായി സംവിധായകനാകുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അഭിനയിക്കുമോ എന്ന കാര്യം വിനീത് രഹസ്യമാക്കി വച്ചിരിക്കുകയാണ്. എന്തായാലും ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ശ്രീനിവാസന്‍ ശൈലി തന്നെയായിരിക്കും വിനീതും സ്വീകരിക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്.