സമീപകാലത്ത് വന്നിട്ടുള്ള ജയറാം ചിത്രങ്ങളെല്ലാം തന്നെ നിരാശപ്പെടുത്തുന്നതായിരുന്നു. നല്ല കഥയോ തിരക്കഥയോ ഇല്ലാത്ത ഉപരിപ്ലവമായ സൃഷ്ടികള്‍. ഇവയില്‍ പലതും പ്രേക്ഷകര്‍ക്ക് തലവേദനയുണ്ടാക്കുന്ന വിധം അസഹനീയമായിരുന്നു.
ഒരുകാലത്ത് കുടുംബചിത്രങ്ങളുടെ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരനായ നടനായിരുന്നു ജയറാം. എന്തായാലും ആ പഴയ നല്ലകാലത്തേക്ക് തിരിച്ചുനടക്കാനുള്ള ശ്രമം നടത്തുകയാണ് ജയറാം. ഇപ്പോള്‍ അഭിനയിക്കുന്നത് സിബി മലയിലിന്‍റെ സിനിമയില്‍. നല്ല പടമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
വലിയ വാര്‍ത്ത, രഞ്ജിത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാം നായകനാകുന്നു എന്നതാണ്. രഞ്ജിത് തന്നെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ക്യാമറ എസ് കുമാറിന്‍റെ മകന്‍ കുഞ്ഞുണ്ണി നിര്‍വഹിക്കും. ഉടന്‍ ചിത്രീകരണമാരംഭിക്കുന്ന ഈ സിനിമ പൂര്‍ണമായും ഒരു കുടുംബചിത്രമായിരിക്കും.
ജയറാമിനെ നായകനാക്കി രഞ്ജിത് ഒരു സിനിമ സംവിധാനം ചെയ്യുന്നത് ഇതാദ്യമാണ്. രഞ്ജിത് തിരക്കഥയെഴുതിയ ഒട്ടേറെ സിനിമകളില്‍ ജയറാം അഭിനയിച്ചിട്ടുണ്ട്.
വിറ്റ്‌നസ്, കാലാള്‍പ്പട, പ്രാദേശികവാര്‍ത്തകള്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ശുഭയാത്ര, പാവക്കൂത്ത്, നന്‍മ നിറഞ്ഞവന്‍ ശ്രീനിവാസന്‍, മറുപുറം, നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, ജോര്‍ജ്ജുകുട്ടി C/O ജോര്‍ജ്ജുകുട്ടി, പൂക്കാലം വരവായി, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, സമ്മര്‍ ഇന്‍ ബേത്‌ലഹേം എന്നിവയാണ് രഞ്ജിത് രചിച്ച ജയറാം ചിത്രങ്ങള്‍.