“കളി എന്നോടും വേണ്ട സാര്‍. ഒരെല്ല് കൂടുതലാണെനിക്ക്. യെസ് ഐ ഹാവ് ആന്‍ എക്സ്ട്രാ ബോണ്‍. ജോസഫ് അലക്സ്. അലക്സാണ്ടറുടെ മകന്‍”
അലക്സാണ്ടറുടെ മകന്‍ വെറും ഐ എ എസുകാരന്‍ മാത്രമല്ല. ആവശ്യം വന്നാല്‍ മുണ്ട് മാടിക്കുത്തി ആരുടെയും കുത്തിനുപിടിച്ചു നിര്‍ത്തി രണ്ടു കൊടുക്കാനുമറിയാം. പഠിക്കുന്ന കാലത്ത് കുറച്ച് നക്സല്‍ ചായ്‌വ് ഉണ്ടായിരുന്നു. ഒരു പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലൊക്കെ സജീവമായി. പിന്നീട് ഐ എസ് എസ്. തിരുവനന്തപുരം നഗരത്തില്‍ ‘ഭരിക്കാനറിയുന്ന’ കളക്ടറായി വിലസി. ഇന്ന് കേന്ദ്രസര്‍വീസില്‍, കുറ്റാന്വേഷണ വിഭാഗത്തില്‍.
ഡല്‍ഹിയെ പിടിച്ചുകുലുക്കിയ ഒരു വി വി ഐ പിയുടെ കൊലപാതകം അന്വേഷിക്കുകയാണ് ജോസഫ് അലക്സിന്‍റെ ദൌത്യം. തന്‍റേതായ രീതിയില്‍, രോഷാകുലനായ ആ ഐ എ എസുകാരന്‍ അന്വേഷിക്കുന്നു - ക്രിമിനലുകള്‍ പേടിക്കും. ഇത് അലക്സാണ്ടറുടെ മകനാണ്. ജോസഫ് അലക്സിന്‍റെ നീക്കങ്ങളില്‍ ഡല്‍ഹി രാഷ്ട്രീയം അസ്വസ്ഥമാകുന്നു.
അപ്പുറത്തുനിന്ന് പാരലലായി ഒരന്വേഷണം നടക്കുന്നുണ്ട്. അത് ‘മറ്റവനാണ്’. ഭരത്ചന്ദ്രന്‍ ഐ പി എസ്. അവനെ അറിയാമല്ലോ? ആദ്യവരവില്‍ മോഹന്‍തോമസ് എന്ന ഡല്‍ഹി ബേസ്ഡ് ‘പൊളിറ്റിക്കല്‍ ഗുണ്ട’യെയും രണ്ടാം വരവില്‍ ജനാബ് ഹൈദരാലി ഹസന്‍ എന്ന കോഴിക്കോടന്‍ രാഷ്ട്രീയക്കാരനെയും വകവരുത്തി മൂന്നാം അങ്കത്തിനൊരുങ്ങുകയാണ് ഭരത്ചന്ദ്രന്‍. എന്താണ് തനിക്കിത്ര കൊലവെറി എന്നുചോദിച്ചാല്‍ “തന്തയ്ക്ക് പിറന്നതുകൊണ്ട്” എന്ന് ഉച്ചത്തില്‍ ഉത്തരം നല്‍കുന്ന ഇനം.
കമ്മീഷണര്‍ എന്ന സിനിമയില്‍ മോഹന്‍തോമസ് പറയുന്നുണ്ട് - “കേരളം പോലെ ഒരു ഇട്ടാവട്ട സ്ഥലത്ത് കിടന്ന് തായം കളിച്ചിട്ട് കാര്യമില്ല. കളി കാണണമെങ്കില്‍ ഡല്‍ഹി എന്ന മഹാനഗരത്തിലേക്ക് പോരൂ” എന്ന്. ജോസഫ് അലക്സും ഭരത്ചന്ദ്രനും ഒരു കളി കളിക്കാന്‍ ഡല്‍ഹിയില്‍ എത്തിയിരിക്കുകയാണ്.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീം ഒരു സിനിമയ്ക്ക് വേണ്ടി ഒത്തുചേരുന്നത്. കിംഗിലെ ജോസഫ് അലക്സും കമ്മീഷണറിലെ ഭരത്ചന്ദ്രനും ഒത്തുചേരുന്നു.
“അടുത്ത സമയത്ത് റിലീസ് ചെയ്ത എന്‍റെ രണ്ടു ചിത്രങ്ങള്‍...രണ്ടും പരാജയങ്ങള്‍. അവ രണ്ടും ഞാന്‍ ചെയ്യേണ്ട സിനിമകളായിരുന്നില്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പരാജയപ്പെട്ട് നില്‍ക്കുന്ന സമയത്താണ് ദൈവാനുഗ്രഹം പോലെ കിംഗ് ആന്‍റ് കമ്മീഷണര്‍ വരുന്നത്. കൂടെ നിന്നു സഹായിക്കാന്‍ രണ്‍ജി തയ്യാറായി” - ഷാജി കൈലാസ് പറയുന്നു.
ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ മാര്‍ച്ച് 16ന് റിലീസാകുകയാണ്. പരാജയത്തിന്‍റെ പടുകുഴിയില്‍ പെട്ടിരിക്കുന്ന മമ്മൂട്ടിക്കും ഷാജി കൈലാസിനും ചിത്രം ഗുണമാകുമോ? കാത്തിരുന്ന് കാണാം.