'കൂതറ’ - മോഹന്‍ലാലിന് പുതിയ ലുക്ക്!

Webdunia
വ്യാഴം, 5 സെപ്‌റ്റംബര്‍ 2013 (21:18 IST)
PRO
ശ്രീനാഥ് രാജേന്ദ്രന്‍ തന്‍റെ ആദ്യചിത്രം കൊണ്ടുതന്നെ ശ്രദ്ധനേടിയ സംവിധായകനാണ്. ദുല്‍ക്കര്‍ സല്‍മാനെ സിനിമയില്‍ പരിചയപ്പെടുത്തിയ സെക്കന്‍റ് ഷോ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍. ദുല്‍ക്കറിനൊപ്പം മറ്റൊരു നല്ല നടനെക്കൂടി ശ്രീനാഥ് രാജേന്ദ്രന്‍ മലയാളത്തിന് സമ്മാനിച്ചു - സണ്ണി വെയ്ന്‍.

ഏറെ സമയമെടുത്താണ് ശ്രീനാഥ് രാജേന്ദ്രന്‍ തന്‍റെ രണ്ടാമത്തെ ചിത്രമൊരുക്കുന്നത്. ‘കൂതറ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകന്‍. ഭരത്, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, മനു എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വളരെ ശക്തമായ കഥാപാത്രത്തെയാണ് ഈ സിനിമയില്‍ മോഹന്‍ലാലിന് ശ്രീനാഥ് രാജേന്ദ്രന്‍ നല്‍കിയിരിക്കുന്നത്. ഈ സിനിമയുടെ ആദ്യ പോസ്റ്റര്‍ മോഹന്‍ലാല്‍ തന്നെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. വ്യത്യസ്തമായ ലുക്കും കഥാപാത്രവുമാണ് ഈ സിനിമയില്‍ മോഹന്‍ലാലിന് എന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റര്‍. ഭ്രാന്തമായി അലയടിക്കുന്ന കടലില്‍ ഒരു ബോട്ടില്‍ റാന്തല്‍ വിളക്കുമായി മോഹന്‍ലാല്‍ നില്‍ക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

വിനി വിശ്വലാല്‍ ആണ് ‘കൂതറ’യുടെ രചന നിര്‍വഹിക്കുന്നത്. 2014ല്‍ മോഹന്‍ലാലിന്‍റെ പ്രധാന റിലീസുകളില്‍ ഒന്നായിരിക്കും കൂതറ.