കുഞ്ഞനന്തന്‍റെ ‘കഥ’ തീരുന്നില്ല, സലിം അഹമ്മദും മമ്മൂട്ടിയും വീണ്ടും!

Webdunia
തിങ്കള്‍, 18 നവം‌ബര്‍ 2013 (21:05 IST)
PRO
ദൈവസ്പര്‍ശമുള്ള സിനിമയായിരുന്നു ‘ആദാമിന്‍റെ മകന്‍ അബു’. അത്രത്തോളം എത്തിയില്ല സലിം അഹമ്മദ് സംവിധാനം ചെയ്ത രണ്ടാം സിനിമ ‘കുഞ്ഞനന്തന്‍റെ കട’. ഒരാള്‍ക്ക് എപ്പോഴും മാസ്റ്റര്‍ പീസുകള്‍ സൃഷ്ടിക്കാന്‍ കഴിയില്ലല്ലോ.

എന്നാല്‍ സലിം അഹമ്മദ് തന്‍റെ കരിയറിലെ നാഴികക്കല്ലായേക്കാവുന്ന ഒരു ചിത്രത്തിന്‍റെ പണിപ്പുരയിലാണ്. മലയാളികളുടെ അമ്പതുവര്‍ഷത്തെ പ്രവാസചരിത്രം വിശദമാക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍.

അതേ, സലിം അഹമ്മദും മമ്മൂട്ടിയും വീണ്ടും ഒത്തുചേരുകയാണ്. 1960 മുതല്‍ 90കളിലൂടെ സമകാലിക പ്രവാസകഥ വരെയെത്തി നില്‍ക്കുന്ന വലിയ ക്യാന്‍‌വാസാണ് ചിത്രത്തിന്. മധു അമ്പാട്ട് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി.

ഏതാണ്ട് പൂര്‍ണമായും ദുബായിലാണ് ഈ സിനിമ ചിത്രീകരിക്കുന്നത്. മൂന്ന് തലമുറകളുടെ ഗള്‍ഫ് ജീവിതം പകര്‍ത്തുമ്പോള്‍ അറുപതുകളിലെ ദുബായ് ചിത്രീകരിക്കേണ്ടതുണ്ട്. അതുതന്നെയാണ് വലിയ വെല്ലുവിളിയെന്ന് സലിം അഹമ്മദും മധു അമ്പാട്ടും പറയുന്നു.

എന്തായാലും അടുത്ത വര്‍ഷം മമ്മൂട്ടിയുടെ ബിഗ് ബജറ്റ് പ്രൊജക്ടായിരിക്കും ഈ സലിം അഹമ്മദ് ചിത്രം.