കടല്‍ തകര്‍ന്നു, മണിരത്നം കൈയൊഴിഞ്ഞു, വിതരണക്കാര്‍ക്ക് കോടികള്‍ നഷ്ടം!

തിങ്കള്‍, 11 ഫെബ്രുവരി 2013 (20:35 IST)
PRO
ഏറെ പ്രതീക്ഷയോടെയെത്തിയ മണിരത്നം ചിത്രം ‘കടല്‍’ ബോക്സോഫീസില്‍ തകര്‍ന്നു. പുതുമുഖങ്ങളായ ഗൌതം കാര്‍ത്തിക്കും തുളസിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ എട്ടുനിലയില്‍ പൊട്ടിയതോടെ വിതരണക്കാരാണ് വെള്ളത്തിലായത്. കോടികളുടെ നഷ്ടമാണ് ഈ സിനിമ തങ്ങള്‍ക്ക് വരുത്തിവച്ചതെന്ന് വിതരണക്കാര്‍ പറയുന്നു.

അമ്പതോളം വിതരണക്കാരാണ് കഴിഞ്ഞ ദിവസം മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസിന്‍റെ ഓഫീസിലെത്തിയത്. തങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു അവരുടെ അഭ്യര്‍ത്ഥന. എന്നാല്‍ ‘കടല്‍’ തങ്ങള്‍ ജെമിനി ഇന്‍ഡസ്ട്രീസിനും ഇമേജിംഗ് ലിമിറ്റഡിനുമായി വിറ്റതാണെന്നും ഇപ്പോഴുണ്ടായിരിക്കുന്ന നഷ്ടത്തില്‍ മദ്രാസ് ടാക്കീസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഒരു പത്രക്കുറിപ്പിറക്കുകയാണ് മണിരത്നം ചെയ്തിരിക്കുന്നത്.

ഓരോ വിതരണക്കാരനും മുടക്കിയ കോടികളുടെ മുപ്പത് ശതമാനം പോലും തിരികെ പിടിക്കാന്‍ ചിത്രത്തിന് കഴിയാതെ വന്നതോടെ ചെറുവിതരണക്കാ‍രായ പലരും ആത്‌മഹത്യയുടെ വക്കിലാണെന്ന് വിതരണക്കാര്‍ പറയുന്നു. മണിരത്നം എന്ന ബ്രാന്‍ഡ് ആയതുകൊണ്ടാണ് പുതുമുഖങ്ങള്‍ അഭിനയിച്ച സിനിമയായിട്ടും ‘കടല്‍’ വിതരണത്തിനെടുക്കാന്‍ തയ്യാറായതെന്നും ഇവര്‍ പറയുന്നു.

വിതരണക്കാര്‍ക്ക് 15 കോടിയോളം രൂപ നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍. മദ്രാസ് ടാക്കീസ് കൈയൊഴിഞ്ഞ സ്ഥിതിക്ക് ഇനി ജെമിനി ഇന്‍ഡസ്ട്രീസ് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമോ എന്ന് കാത്തിരിക്കുകയാണ് കോളിവുഡ്.

വെബ്ദുനിയ വായിക്കുക