‘തല’ അജിത്തായിരിക്കാം. പക്ഷേ, ‘തലൈവന്‍’ വിജയ് ആണ്. ഇളയദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന് ‘തലൈവാ’ എന്ന് പേരിട്ടു. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറാണ്.
‘ടൈം ടു ലീഡ്’ എന്നാണ് ‘തലൈവാ’യുടെ ടാഗ്‌ലൈന്‍. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ടാം ഷെഡ്യൂള്‍ മാര്‍ച്ചില്‍ സ്പെയിനില്‍ ആരംഭിക്കും.
“അമ്പത് ദിവസം നീണ്ടുനിന്ന നോണ്‍സ്റ്റോപ് ഷൂട്ടിംഗാണ് മുംബൈയില്‍ നടന്നത്. രണ്ട് ഗാനരംഗങ്ങളും മൂന്ന് ഫൈറ്റ് സീനുകളും ചിത്രീകരിച്ചുകഴിഞ്ഞു” - നിര്‍മ്മാതാവ് ചന്ദ്രപ്രകാശ് ജെയിനിന്‍റെ ഓഫീസ് അറിയിച്ചു.
അമല പോള്‍ ആണ് ഈ ചിത്രത്തില്‍ വിജയുടെ നായിക. അമല ആദ്യമായാണ് ഒരു വിജയ് ചിത്രത്തില്‍ നായികയാകുന്നത്. സത്യരാജ്, സന്താനം, മനോബാല തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഈ സിനിമയുടെ ടൈറ്റില്‍ ഗാനമായ ‘തലൈവാ തലൈവാ’യുടെ ചിത്രീകരണം മുംബൈയില്‍ പൂര്‍ത്തിയായിരുന്നു. അഞ്ഞൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ഈ ഗാനരംഗത്തില്‍ പങ്കെടുത്തത്.
മേയ് മാസം തിയേറ്ററുകളിലെത്തുന്ന തലൈവായുടെ സംഗീതം ജി വി പ്രകാശ് കുമാറാണ്. ക്യാമറ - നിരവ് ഷാ.
വാല്‍ക്കഷണം: അജിത്തിനെ നായകനാക്കി എ ആര്‍ മുരുഗദോസ് ഈ വര്‍ഷം അവസാനം സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയ്ക്ക് ‘തല’ എന്ന് പേരിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിജയ് ചിത്രത്തിന് ‘തലൈവാ’ എന്ന് പേരിട്ടതോടെ ഇനി ‘തല’ വേണോയെന്ന് തലയും മുരുഗദോസും ചേര്‍ന്ന് തീരുമാനിക്കട്ടെ.