മലയാളത്തില്‍ അടുത്തിടെ പ്രദര്‍ശനം വിജയം നേടിയ ചിത്രങ്ങളിലെല്ലാം കുഞ്ചാക്കോ ബോബനും ഭാഗമായിരുന്നു. ഒരിടവേളയ്ക്ക് ശേഷം വന്‍ തിരിച്ചുവരവാണ് കുഞ്ചാക്കോ ബോബന്‍ നടത്തിയത്. ട്രാഫിക്, സീനിയേഴ്സ് ഏറ്റവുമൊടുവില്‍ ഓര്‍ഡിനറി തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെല്ലാം കുഞ്ചാക്കോ ബോബന്‍ മിന്നിത്തിളങ്ങി. അമ്പതാം ചിത്രവും കുഞ്ചാക്കോ ബോബന്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. വൈശാഖ് ഒരുക്കിയ മല്ലുസിംഗ് ആണ് കുഞ്ചാക്കോ ബോബന്റെ അമ്പതാം ചിത്രം. ഈ ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും. ഇതിനിടയില്‍ തന്റെ ഒരു സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ശ്രമവും കുഞ്ചാക്കോ ബോബന്‍ തുടങ്ങിക്കഴിഞ്ഞു.
ഉദയയുടെ ബാനറില്‍ ഒരു ചിത്രം ഒരുക്കുകയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിനായുള്ള ശ്രമങ്ങളിലാണ് കുഞ്ചാക്കോ ബോബന്‍. അടുത്തവര്‍ഷം മിക്കവാറും ഉദയയുടെ ബാനറില്‍ സിനിമയുണ്ടാകുമെന്നാണ് കരുതുന്നതെന്ന് കുഞ്ചാക്കോ പറയുന്നു. ഉദയ എന്ന പേര് മാത്രമേ ബാക്കിയുള്ളൂവെങ്കിലും അതിന് ഇപ്പോഴും വലിയ സ്വീകാര്യതയുണ്ട്. അതുകൊണ്ടുതന്നെ ഉദയയുടെ പേരില്‍ ഒരു ചിത്രം പുറത്തിറങ്ങുമ്പോള്‍ അത് മികച്ചതായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. പ്രാരംഭ ചര്‍ച്ച നടക്കുന്നുണ്ട്. ഏതുതരം സിനിമയായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല - കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ചോക്ലേറ്റ് ഹീറോ നായകനെന്ന തന്റെ ഇമേജ് മാറുന്നുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. എന്നോ എനിക്ക് ചോക്ലേറ്റ് ഇമേജ് പതിഞ്ഞുപോയി. ഒരുപരിധി വരെ ഞാന്‍ ആ ഇമേജ് ആസ്വദിക്കുന്നു. ഒരേസമയം എന്റെ വിജയവും പരിമിതിയുമാണ് അത്. പണ്ട് ആരാധികമാര്‍ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ആരാധകന്‍മാരുമുണ്ട്. ചോക്ലേറ്റ് ഹീറോ ഇമേജ് മാറുന്നു എന്നല്ലേ അതിന്റെ അര്‍ഥം. ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ ചോക്ലേറ്റ് ഹീറോ ഇമേജുള്ള കഥാപാത്രങ്ങള്‍ കുറച്ചുമാത്രമേ ചെയ്തിട്ടുള്ളൂ- മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നു.