ആദ്യം അടി പിന്നെ ഒത്തുതീര്‍പ്പ്

Webdunia
ചൊവ്വ, 7 ഏപ്രില്‍ 2009 (18:57 IST)
ഈ അമീറിന്‍റെയും ഷാരൂഖിന്‍റെയും ഒരു കാര്യമേ. ആദ്യം ഒന്നും രണ്ടും പറഞ്ഞ് പരസ്പരം ചെളിവാരിയെറിയും. പിന്നെ പരസ്പരം കെട്ടിപ്പിടിച്ച് ആ ചെളി തൂത്തുകളയും. ഇപ്പോള്‍ ഇതാ വീണ്ടും ഇരുവരും ചെളി തൂത്ത് കളഞ്ഞുകൊണ്ടിരിക്കുകയാണ്. ഷാരൂഖ് ബോളിവുഡിലെ കിംഗ് ഖാനാണെന്ന് കരുതുന്നില്ലെന്ന് അമീര്‍ പറഞ്ഞതായിരുന്നു ഇരുവരും തമ്മിലുള്ള പോരിലെ അവസാനത്തെ അധ്യായം. എന്നാല്‍ കഴിഞ്ഞ ദിവസം രഹസ്യമായി കൂടിക്കാഴ്ച നടത്തിയ ഇരുവരും വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചുവെന്നാണ് പുതിയ വാര്‍ത്ത.

ഞായറാഴ്ചയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ കാര്യം അമീറിന്‍റെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.ഷാരൂഖിന്‍റെ ആത്മാര്‍ത്ഥ സുഹൃത്തായ സംവിധായകന്‍ കരണ്‍ ജോഹറിന്‍റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.ഇത് രഹസ്യ സന്ദര്‍ശനമല്ലായിരുന്നുവെന്നും മള്‍ട്ടിപ്ലക്സ് ലാഭവിഹിതം പങ്കുവെക്കലിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്‍റെ പേരില്‍ ബോളിവുഡിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ഇരുവരും ചര്‍ച്ച നടത്തിയതെന്നുമാണ് ഔദ്യോഗിക ഭാഷ്യം.

എന്നാല്‍ ഇരുവരുടെയും അഭിപ്രായ ഭിന്നതകള്‍ പറഞ്ഞുതീര്‍ക്കാനായി കരണ്‍ ജോഹര്‍ അവസരമൊരുക്കുകയായിരുന്നുവെന്നാണ് ചില ദോഷൈകദൃക്കുകള്‍ പറയുന്നത്.ഇരുവരും തമ്മിലുള്ള പോര് മൂര്‍ച്ചിച്ചശേഷം എല്ലാറ്റിനും മൂക സാക്ഷിയായിരുന്നു കരണ്‍.ബോളിവുഡിലെ നിലവിലെ പ്രതിസന്ധി തീര്‍ക്കാന്‍ ഇരുവരും മുന്‍‌കൈ എടുക്കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇരുവരും ഇതുസംബന്ധിച്ച് ഉടന്‍ സംയുക്ത പ്രസ്താവന നടത്തുമെന്നാണ് കരുതുന്നത്.