അത് ദൈവത്തിന്‍റെ തീരുമാനമായിരുന്നു: നയന്‍താരയുമായി പിരിഞ്ഞതിനെപ്പറ്റി പ്രഭുദേവ!
വ്യാഴം, 11 ജൂലൈ 2013 (21:06 IST)
PRO
പ്രഭുദേവയും നയന്‍താരയും തമ്മില്‍ പിരിഞ്ഞതൊന്നും ഇപ്പോള്‍ കോളിവുഡില്‍ ഒരു ചര്‍ച്ചാവിഷയമേയല്ല. നയന്‍സും ആര്യയും തമ്മില്‍ എന്തെങ്കിലുമുണ്ടോ എന്ന് ചുഴിഞ്ഞ് ചിന്തിക്കുകയാണ് കോളിവുഡ് ഇപ്പോള്‍. അതിനിടെ പ്രഭുദേവയെപ്പറ്റി ആലോചിക്കാനെവിടെ സമയം?
പ്രഭുദേവയും തിരക്കിലാണ്. പ്രഭു സംവിധാനം ചെയ്ത ‘രാമയ്യ വസ്താവയ്യ’ ജൂലൈ 19ന് റിലീസാകുന്നു. റാംബോ രാജ്കുമാറിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു. അജയ് ദേവ്‌ഗണിന്‍റെയും സല്‍മാന്‍ ഖാന്‍റെയും പുതിയ ചിത്രങ്ങള്‍ക്കുള്ള കഥാചര്‍ച്ചയും നടക്കുന്നു. അതിനിടെ നയന്‍സിനെപ്പറ്റി ചിന്തിക്കാന്‍ പ്രഭുദേവയ്ക്കും ടൈമില്ല.
എങ്കിലും, നയന്‍താരയുമായുണ്ടായിരുന്ന ബന്ധത്തേക്കുറിച്ച് ചോദിച്ചാല്‍ പഴയതുപോലെ ഒഴിഞ്ഞുമാറില്ല പ്രഭുദേവ. “ഞങ്ങള്‍ പിരിയണം എന്നത് ദൈവത്തിന്‍റെ തീരുമാനമായിരുന്നു” എന്നാണ് പ്രഭുദേവ ഇപ്പോള്‍ ആ പ്രണയത്തകര്‍ച്ചയെപ്പറ്റി പറയുന്നത്.
നയന്‍സുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷം ഇടയ്ക്ക് അസിനുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ കേട്ടെങ്കിലും ഇപ്പോള്‍ ഗോസിപ്പുകളെല്ലാം മാറ്റിവച്ച് സംവിധാന രംഗത്ത് മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുകയാണ് പ്രഭുദേവ.