‘തുപ്പാക്കി’ ഹിന്ദിയില്‍ അഭിനയിക്കാന്‍ അക്കിക്ക് 50 കോടി!

ബുധന്‍, 20 ഫെബ്രുവരി 2013 (16:18 IST)
PRO
100 കോടി ക്ലബില്‍ ഇടം നേടിയ തമിഴ് ചിത്രം ‘തുപ്പാക്കി’ തിയേറ്ററുകളില്‍ നൂറ് ദിവസം തികച്ചു. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഈ വിജയ് ചിത്രം തമിഴകത്ത് മാത്രമല്ല, റിലീസ് ചെയ്ത എല്ലാ സെന്‍ററുകളിലും വന്‍ വിജയമാണ് നേടിയത്. കേരളത്തിലും ഗംഭീര നേട്ടമാണ് ഈ സിനിമ ഉണ്ടാക്കിയത്. ആദ്യ അമ്പത് ദിവസങ്ങള്‍ക്കുള്ളില്‍ 183 കോടി രൂപയാണ് തുപ്പാക്കി വാരിക്കൂട്ടിയത്.

തുപ്പാക്കിയുടെ ഹിന്ദി റീമേക്ക് ചിത്രീകരണം ഉടന്‍ ആരംഭിക്കുകയാണ്. വിജയ് അനശ്വരമാക്കിയ ഡിഫന്‍സ് ഇന്‍റലിജന്‍സ് ഏജന്‍റ് ജഗദീഷ് എന്ന കഥാപാത്രത്തെ അക്ഷയ് കുമാറാണ് അവതരിപ്പിക്കുന്നത്. കാജല്‍ അഗര്‍വാളിന് പകരം സൊനാക്ഷി സിന്‍‌ഹ നായികയാകും. ജയറാം അവതരിപ്പിച്ച വേഷത്തില്‍ ജയറാം തന്നെയെത്തും. വിദ്യുത് ജാം‌വാല്‍ തന്നെയാണ് വില്ലന്‍.

അക്ഷയ് കുമാറിന് ഈ സിനിമയില്‍ അഭിനയിക്കാന്‍ 50 കോടി രൂപയാണ് പ്രതിഫലം ലഭിച്ചത് എന്നറിയുന്നു. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ അക്ഷയ് കുമാറോ മുരുഗദോസോ തയ്യാറായില്ല.

“ഇക്കാര്യത്തേക്കുറിച്ച് എനിക്ക് ഒരറിവുമില്ല” - എന്നാണ് മുരുഗദോസ് പ്രതികരിച്ചത്. മുരുഗദോസിന് ഈ സിനിമയ്ക്ക് 15 കോടി രൂപയാണ് പ്രതിഫലം എന്നും റിപ്പോര്‍ട്ടുണ്ട്.

മുമ്പ് മുരുഗദോസ് 12 കോടി രൂപയായിരുന്നുവത്രെ പ്രതിഫലം പറ്റിക്കൊണ്ടിരുന്നത്. എന്നാല്‍ തുപ്പാക്കിയുടെ വന്‍ വിജയത്തോടെയാണ് ഇത് 15 കോടിയാക്കി ഉയര്‍ത്തിയത്. തമിഴില്‍ ഉടന്‍ ചെയ്യാന്‍ പോകുന്ന ‘ഇരട്ടത്തലൈ’ എന്ന സിനിമയ്ക്ക് 15 കോടി പ്രതിഫലം വേണമെന്ന് മുരുഗദോസ് ആവശ്യപ്പെട്ടതോടെ നിര്‍മ്മാതാക്കള്‍ ആശങ്കയിലായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇരട്ടത്തലൈയില്‍ അജിത് ഡബിള്‍ റോളില്‍ എത്തുന്നു എന്നതാണ് പ്രത്യേകത.

വെബ്ദുനിയ വായിക്കുക