സുകുമാരി : അഭിനയമികവിന്‍റെ പത്മാസനത്തില്‍

Webdunia
അഭിനയിച്ച ചിത്രങ്ങളുടെ എണ്ണത്തില്‍ സുകുമാരി റെക്കോര്‍ഡുടമയാണ്-ഗുണത്തിലും വൈവിദ്ധ്യത്തിലുമതേ! മലയാളത്തിന്‍റെ മനോരമ എന്നു വിശേഷിപ്പിക്കപ്പെടുന്ന സുകുമാരിയുടെ സര്‍ഗജീവിതം സാര്‍ഥകമാവുകയാണു, രാജ്യം കനിഞ്ഞനുഗ്രഹിച്ച പത്മശ്രീ ബഹുമതിയോടെ.
സുകുമാരിയെ സംബന്ധിച്ചിടത്തോളം, ഇനി അഭിനയിക്കാന്‍ ഭാവങ്ങളോ പാത്രങ്ങളോ ബാക്കിയുണ്ടാവില്ല.

പക്ഷേ, ആയിരംവട്ടം അഭിനയിച്ചു തേഞ്ഞ കഥാപാത്രവും കഥാസന്ദര്‍ഭവുമാണെങ്കിലും അതു സുകുമാരി അവതരിപ്പിക്കുമ്പോള്‍ അവരുടെ കയ്യില്‍
ഭദ്രമായിരിക്കുമെന്നു മാത്രമല്ല, ആ ആവിഷ്കാരത്തിനു പത്തരമാറ്റിന്‍റെ തിളക്കവും പൂര്‍ണതയുമായിരിക്കും. അതാണു സുകുമാരി. മലയാള സിനിമയില്‍ നസീര്‍ മുതല്‍ കുഞ്ചാക്കോ ബോബന്‍ വരെ എത്രയോ തലമുറയുടെ സ്വന്തം "സുകുമാരി ചേച്ചി'!

തിരുവനന്തപുരത്ത് മലയാകോട്ടേജില്‍ മാധവന്‍ നായരുടെയും സത്യഭാമ അമ്മയുടെയും മകളായി ജനിച്ച സുകുമാരി ചെറുപ്പത്തിലേ നൃത്തം പഠിച്ചു. തേഡ് ഫോം വരെ പഠിച്ച അവര്‍ തിരുവിതാംകൂര്‍ സഹോദരിമാരായ ലളിത പത്മിനി രാഗിണി മാരുടെ അടുത്ത ബന്ധുവായിരുന്നു. അവര്‍ക്കൊപ്പം നൃത്തം പഠിച്ചുകൂടിയ സുകുമാരി അവര്‍ക്കൊപ്പം ഇന്ത്യയൊട്ടാകെ നൃത്തപരിപാടികളില്‍ പങ്കെടുത്തു. ഒരിക്കല്‍ പത്മിനിക്കൊപ്പം സെറ്റില്‍ പോയ സുകുമാരിയെ കണ്ടിഷ്ടപ്പെട്ട സംവിധായകന്‍ അവരെ "ഒരിരവ്' എന്ന തമിഴ് ചിത്രത്തില്‍ നായികയാക്കി അവതരിപ്പിക്കുകയായിരുന്നു.

പിന്നീട്, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളില്‍ ആയിരത്തിലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. കാമുകിയും

വില്ലത്തിയും അമ്മയും അമ്മുമ്മയും അമ്മായിയമ്മയുമൊക്കെയായി അനേകമനേകം വേഷപ്പകര്‍ച്ചകള്‍.എല്ലാ ഭാഷയിലും സ്വന്തം ശബ്ദമുപയോഗിക്കാനായ അപൂര്‍വം അഭിനേതാക്കളില്‍ ഒരാള്‍ കൂടിയാണവര്‍.

" നാടോടി',"ചേട്ടത്തി', "കുസൃതിക്കുട്ടന്‍', "കുഞ്ഞാലി മരയ്ക്കാര്‍',"കായംകുളം കൊച്ചുണ്ണീ',"തച്ചോളി ഒതേനന്‍' ,"യക്ഷി',"കരിനിഴല്‍', തുടങ്ങിയ സിനിമകളിലെ വേഷങ്ങളില്‍ തിളങ്ങിയ സുകുമാരിയെ മുഖ്യധാരാ സിനിമ ഏറെ ശ്രദ്ധിച്ചു തുടങ്ങിയത് സത്യത്തില്‍ പ്രിയദര്‍ശന്‍റെ തമാശ ചിത്രങ്ങളിലൂടെയായിരുന്നു. ആംഗ്ളോ ഇന്ത്യന്‍ വേഷങ്ങളിലും ഏറെ തിളങ്ങിയ നടിയാണവര്‍. സേതുമാധവന്‍റെ
" ചട്ടക്കാരി"യിലെ അമ്മ, "ബോയിംഗ് ബോയിംഗി'ലെ കണിശക്കാരിയായ ആംഗ്ളോ ഇന്ത്യന്‍ പാചകക്കാരി, "വന്ദന'ത്തിലെ ആംഗ്ളോ
ഇന്ത്യന്‍ വീട്ടുടമ..അങ്ങനെ എത്രയോ അനശ്വര വേഷങ്ങള്‍. പ്രിയന്‍റെ "പൂച്ചയ്ക്കൊരു മൂക്കുത്തി'യിലെ പൊങ്ങച്ചക്കാരിയായ വീട്ടമ്മ, പുന്നാരം ചൊല്ലിച്ചൊല്ലിയിലെ അമ്മ, കെ.ജി.ജോര്‍ജിന്‍റെ "പഞ്ചവടിപ്പാല'ത്തിലെ പഞ്ചായത്തംഗം, സാജന്‍റെ "സ്നേഹമുള്ള സിംഹ'ത്തിലെ ഇന്‍ഷൂറന്‍സ് ഏജന്‍റ്, വേണു നാഗവള്ളിയുടെ "സുഖമോദേവി', പത്മരാജന്‍റെ "പറന്ന് പറന്ന് പറന്ന്', അടൂര്‍ ഗോപാലകൃഷ്ണന്‍റെ "നിഴല്‍ക്കുത്ത്', സിദ്ദീഖ്-ലാലിന്‍റെ "റാംജി റാവു സ്പീക്കിംഗ്', "മാന്നാര്‍ മത്തായി സ്പീക്കിംഗ്', സത്യന്‍ അന്തിക്കാടിന്‍റെ ചിത്രങ്ങള്‍, ഭരതന്‍റെ "കേളി'...അങ്ങനെ എത്രയോ കഥാപാത്രങ്ങള്‍ സുകുമാരിയുടെ കൈകളില്‍ ഭദ്രമായി. ബാലചന്ദ്രമേനോന്‍റെ ചിത്രങ്ങളിലാണ് സുകുമാരി പിന്നീട് ഏറെ തിളങ്ങിയത്. "മണിച്ചെപ്പു തുറന്നപ്പോള്‍", "കാര്യം നിസ്സാരം' എന്നീ ചിത്രങ്ങള്‍ അവിസ്മരണീയങ്ങളത്രെ.


1974 ല്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് സുകുമാരിക്കു ലഭിച്ചു.1978 ല്‍ വീണ്ടും വിവിധ ചിത്രങ്ങളിലെ മികച്ച ചിത്രങ്ങളിലെ പ്രകടനം വിലയിരുത്തി മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സുകുമാരിയെ തേടിയെത്തി.1985ല്‍ പത്മരാജന്‍റെ "അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍' എന്ന ചിത്രത്തിലെ വേശ്യാലയം നടത്തിപ്പുകാരിയുടെ വേഷപ്പകര്‍ച്ചയ്ക്ക് വീണ്ടും സഹനടിക്കുള്ള ബഹുമതി.1979ല്‍ ഐ.വിശശിയുടെ "ഏഴുനിറങ്ങളിലെ' പ്രകടനത്തിന് സഹനടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ അവാര്‍ഡ് നേടിയ അവര്‍ തുടര്‍ന്ന് 1982(ചിരിയോ ചിരി), 85(അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍), എന്നീ വര്‍ഷങ്ങളിലും അവാര്‍ഡ് നേടി. ആജീവനാന്ത സംഭാവനകളെ മാനിച്ച് 2002ല്‍ സൂര്യ ജൂബിലിയോടനുബന്ധിച്ചു നടത്തിയ ഗുരുപൂജയില്‍
ആദരിക്കപ്പെട്ട അവര്‍ക്ക് ഫിലിം ക്രിട്ടിക്സിന്‍റെ ചലച്ചിത്രരത്നം പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ടി.വി.യിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങളഭിനയിച്ചിട്ടുണ്ടവര്‍.ഇപ്പോള്‍ സംപ്രേഷണം ചെയുന്ന 'സ്ത്രീജന്മ'ത്തിലെ നല്ലവളായ വീട്ടമ്മ ശ്രദ്ധേയമായ വേഷമാണ്.

ദക്ഷിണേന്ത്യയിലെ പ്രശസ്ത സംവിധായകനായ എ.ഭീംസിംഗ് ആണു ഭര്‍ത്താവ്. മകന്‍ ഡോ.സുരേഷ് "യുവജനോത്സവം', "അമ്മേ നാരായണ' തുടങ്ങിയ ശ്രീകുമാരന്‍ തമ്പി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

വിലാസം:
സുകുമാരി,
14, ബി.എന്‍.റോഡ്, ഒന്നാം നില
അഭിനവ അപ്പാര്‍ട്ട്മെന്‍റ്സ്
ടി.നഗര്‍, ചെന്നൈ
ഫോണ്‍:044 28254880