മമ്മൂട്ടിക്ക് 2015 വരെ ഡേറ്റില്ല!

Webdunia
ചൊവ്വ, 23 ഒക്‌ടോബര്‍ 2012 (16:09 IST)
PRO
പരാജയങ്ങളുടെ കാലമാണ് മമ്മൂട്ടിക്ക്. പുതിയ ചിത്രമായ ‘ജവാന്‍ ഓഫ് വെള്ളിമല’യുടെ ഭാവി പ്രവചിക്കാറായിട്ടില്ല. എങ്കിലും ചിത്രത്തേക്കുറിച്ച് സമ്മിശ്രപ്രതികരണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഇത് തിയേറ്റര്‍ കളക്ഷനില്‍ പ്രതിഫലിക്കുമോ എന്ന ആശങ്ക അണിയറ പ്രവര്‍ത്തകര്‍ക്കുണ്ട്. എന്നാല്‍ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ താന്‍ തന്നെയാണ് എന്ന് വീണ്ടും തെളിയിക്കുകയാണ് മമ്മൂട്ടി. അടുത്ത മൂന്ന് വര്‍ഷത്തേക്ക് മമ്മൂട്ടിക്ക് ഡേറ്റില്ല എന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

2015 വരെ മമ്മൂട്ടിയുടെ ഡേറ്റുകള്‍ ബ്ലോക്കായിക്കഴിഞ്ഞു. മലയാളത്തിലെ ഒന്നാം നിര സംവിധായകര്‍ മുതല്‍ നവാഗതര്‍ വരെയുള്ളവര്‍ക്ക് മമ്മൂട്ടി ഡേറ്റ് നല്‍കിയിട്ടുണ്ട്. ഇതില്‍ പല പ്രൊജക്ടുകളും വന്‍ ഹിറ്റാകുമെന്ന് പ്രതീക്ഷയുള്ളവയാണ്. മമ്മൂട്ടി സാധാരണക്കാരനായ കച്ചവടക്കാരന്‍ മുതല്‍ അധോലോക രാജാവ് വരെയാകുന്ന സിനിമകള്‍ ഇക്കൂട്ടത്തിലുണ്ട്.

ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന പരാജയങ്ങള്‍ക്ക് ഇനി വരാനിരിക്കുന്ന സിനിമകളിലൂടെ മമ്മൂട്ടി മറുപടി നല്‍കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മമ്മൂട്ടിയുടെ ഇനി വരാനുള്ള ഏതാനും സിനിമകള്‍ ഇവിടെ പരിചയപ്പെടുത്തുകയാണ് മലയാളം വെബ്‌ദുനിയ.

അടുത്ത പേജില്‍ - മരണത്തിന്‍റെ ഗൂഢാര്‍ത്ഥങ്ങള്‍ തേടി

PRO
അയാള്‍ ബാലചന്ദ്രന്‍. മരണത്തിന്‍റെ ഗൂഢാര്‍ത്ഥങ്ങള്‍ അന്വേഷിക്കുകയാണ് ജോലി. നിശ്ശബ്ദമാക്കപ്പെടുന്ന മരണത്തിന്‍റെ കാണാപ്പുറങ്ങള്‍ തേടിയാണ് അയാളുടെ യാത്ര. നഗരത്തില്‍ ആരുമറിയപ്പെടാതെ പോകുന്ന മരണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥകള്‍ അയാള്‍ അന്വേഷിച്ചുകണ്ടെത്തുന്നു. മരണവും ജീവിതവും തമ്മില്‍ മുഖാമുഖം കാണുന്ന അവസ്ഥ. ഇവിടെ ബാലചന്ദ്രനാകുന്നത് മമ്മൂട്ടിയാണ്.

വി എം വിനു സംവിധാനം ചെയ്യുന്ന ‘ഫേസ് ടു ഫേസ്’ എന്ന ചിത്രത്തിലാണ് ബാലചന്ദ്രന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി അഭിനയിക്കുന്നത്. ബാലചന്ദ്രന്‍റെ ചില തീരുമാനങ്ങള്‍ കീഴ്ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും തലവേദനയായി മാറുന്നു. അതോടെ അവര്‍ അയാളെ ഒറ്റപ്പെടുത്തി. അയാള്‍ സ്വയം ഉള്‍‌വലിയുകയും ചെയ്തു. ഇതിനിടയില്‍ ഒരു ദുരന്തം ബാലചന്ദ്രനെ വേട്ടയാടി. അതേത്തുടര്‍ന്ന്, അയാള്‍ പൊലീസ് ജീവിതം അവസാനിപ്പിച്ചു.

“മമ്മൂട്ടി അവതരിപ്പിക്കുന്ന ബാലചന്ദ്രന്‍ എന്ന കഥാപാത്രം പൊലീസ് സര്‍വീസില്‍ ഇപ്പോഴില്ലാത്തയാളാണ്. പക്ഷേ അദ്ദേഹത്തിന് ഒരു കൊലപാതകത്തേക്കുറിച്ചുള്ള അന്വേഷണം നടത്തേണ്ടിവരുന്നു. അദ്ദേഹത്തിന്‍റെ അന്വേഷണ രീതികളെല്ലാം തികച്ചും പുതുമയാര്‍ന്നതാണ്. മമ്മൂട്ടി ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് ഇത്” - സംവിധായകന്‍ വി എം വിനു പറയുന്നു.

അടുത്തിടെ മമ്മൂട്ടി അന്വേഷകനായി അഭിനയിച്ചത് പാലേരി മാണിക്യം, ഓഗസ്റ്റ് ഒന്ന്, ട്രെയിന്‍ തുടങ്ങിയ സിനിമകളിലാണ്. ഇതില്‍ പാലേരിമാണിക്യം വേറിട്ടുനില്‍ക്കുന്നു. ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ട്രീറ്റ്മെന്‍റായിരിക്കും വി എം വിനു ഫേസ് ടു ഫേസില്‍ സ്വീകരിക്കുക.

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന് തിരക്കഥ രചിച്ച മനോജ് ആണ് ഫേസ് ടു ഫേസിന് തിരക്കഥ രചിക്കുന്നത്. വിജയരാഘവന്‍, സിദ്ദിക്ക്, പ്രതാപ് പോത്തന്‍, കലാഭവന്‍ മണി, റോമ തുടങ്ങിയവര്‍ വേഷമിടുന്നു. അജയന്‍ വിന്‍‌സന്‍റാണ് ഛായാഗ്രഹണം.

അടുത്ത പേജില്‍ - വീണ്ടും ഒരു വിജയചിത്രത്തിനായ്...

PRO
രഞ്ജിത്തിന്‍റെ തിരക്കഥയില്‍ ജി എസ് വിജയന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം - ‘ബാവുട്ടിയുടെ നാമത്തില്‍’.

മുമ്പ് പ്രഖ്യാപിച്ച ‘മലബാര്‍’ എന്ന സിനിമയാണ് ‘ബാവുട്ടിയുടെ നാമത്തില്‍’ ആയി മാറുന്നത്. അനൂപ് മേനോനെയും മമ്മൂട്ടിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് രഞ്ജിത് - ജി എസ് വിജയന്‍ ടീം ‘മലബാര്‍’ ആലോചിച്ചത്. അനൂപിന് ഇപ്പോള്‍ നിന്നുതിരിയാന്‍ കഴിയാത്തത്ര തിരക്കായതിനാല്‍ മറ്റൊരു താരത്തെ പ്രധാനവേഷത്തിലേക്ക് പരിഗണിക്കാന്‍ വിജയനും രഞ്ജിത്തും നിര്‍ബന്ധിതരാകുകയായിരുന്നു. സ്പിരിറ്റിലെ അലക്സിയെ ഗംഭീരമാക്കിയ ശങ്കര്‍ രാമകൃഷ്ണനെത്തന്നെ ഒടുവില്‍ ആ വേഷം ചെയ്യാനായി കണ്ടെത്തി.

എന്നാല്‍ ഇതിനര്‍ത്ഥം, അനൂപ് ഈ സിനിമയുമായി സഹകരിക്കില്ല എന്നല്ല. ചെറിയൊരു വേഷത്തില്‍ അനൂപ് മേനോന്‍ എത്തുന്നുണ്ട്. ബാവുട്ടി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഒരു കാര്‍ ഡ്രൈവറുടെ ചിന്തയിലൂടെ ലോകത്തെ കാണാനുള്ള ശ്രമമാണ് ‘ബാവുട്ടിയുടെ നാമത്തില്‍’. രഞ്ജിത്ത് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന എഴുത്തുരീതിയായ ബ്ലാക്ക് ഹ്യൂമര്‍ തന്നെയാണ് ഈ സിനിമയുടെയും പ്ലാറ്റ്ഫോം.

ക്യാപിറ്റോള്‍ ഫിലിംസിന്‍റെ ബാനറില്‍ രഞ്ജിത് നിര്‍മ്മിക്കുന്ന ‘ബാവുട്ടിയുടെ നാമത്തില്‍’ സെവന്‍ ആര്‍ട്സ് ആണ് ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത്.

അടുത്ത പേജില്‍ - മമ്മൂട്ടി ത്രീഡിയിലും!

PRO
ഷങ്കറും മണിരത്നവുമൊക്കെ തങ്ങളുടെ സിനിമകളുടെ ലൊക്കേഷനുകളില്‍ മാധ്യമപ്രവര്‍ത്തകരെ അകറ്റി നിര്‍ത്തും. ഒരു സ്റ്റില്‍ പോലും പടത്തിന്‍റെ റിലീസിന് മുമ്പ് പുറത്ത് പോകാതിരിക്കാന്‍ ശ്രദ്ധിക്കും. മലയാളത്തിലും അങ്ങനെ ഒരു സിനിമ ചിത്രീകരിക്കാനൊരുങ്ങുന്നു. മമ്മൂട്ടി നായകനാകുന്ന ‘അരിവാള്‍ ചുറ്റിക നക്ഷത്രം’ എന്ന സിനിമയാണ് ‘ഇരുമ്പുമറ’യ്ക്കുള്ളില്‍ ഷൂട്ടിംഗ് പ്ലാന്‍ ചെയ്യുന്നത്.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മമ്മൂട്ടി നായകനും പൃഥ്വിരാജ് വില്ലനുമാണ്. ഓഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന ഈ ബിഗ്ബജറ്റ് ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. അവതാറിന്‍റെ ത്രീഡി പതിപ്പ് ഒരുക്കിയവര്‍ അമല്‍ നീരദിനെ ഈ സിനിമയുടെ ത്രീഡി ചെയ്യാനായി സമീപിച്ചിട്ടുണ്ട്. നയന്‍‌താരയെയാണ് അരിവാള്‍ ചുറ്റിക നക്ഷത്രത്തിലെ നായികയായി പരിഗണിക്കുന്നത്. വളരെ ശക്തമായ ഒരു നായികാകഥാപാത്രമാണ് ഈ ചിത്രത്തിലുള്ളത്.

ഡിസംബര്‍ ആദ്യവാരത്തില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുന്നത് ഡിസംബര്‍ 15നാണ്. മൂന്നാറും വയനാ‍ടുമാണ് പ്രധാന ലൊക്കേഷന്‍. ഉറുമി എഴുതിയ ശങ്കര്‍ രാമകൃഷ്ണനാണ് തിരക്കഥ രചിക്കുന്നത്.

അടുത്ത പേജില്‍ - മമ്മൂട്ടിക്ക് വീണ്ടും ദേശീയ അവാര്‍ഡ് കിട്ടുമോ?

PRO
ന്യൂ ജനറേഷന്‍ സിനിമകള്‍ അരങ്ങുതകര്‍ക്കുമ്പോള്‍, ഈ തരംഗത്തിന് തുടക്കം കുറിച്ചതിനെക്കുറിച്ച് പലരും അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ ‘ആദാമിന്‍റെ മകന്‍ അബു’ എന്ന ചിത്രത്തെ എല്ലാവരും മറന്നുപോകുന്നു. യഥാര്‍ത്ഥത്തില്‍ ‘അബു’വാണ് ന്യൂ ജനറേഷന്‍ സിനിമ. അതുപോലെയൊരു സിനിമ മുന്‍ തലമുറയില്‍ ഉണ്ടായിട്ടില്ല. അവിഹിത ബന്ധങ്ങളും ബര്‍മുഡയിട്ട നായകന്‍‌മാരും ആഘോഷിക്കപ്പെടുന്ന പുതിയ കാലത്ത് നന്‍‌മയുടെ ഒരു വൃക്ഷത്തൈ നടുകയായിരുന്നു ‘ആദാമിന്‍റെ മകന്‍ അബു’വിലൂടെ സംവിധായകന്‍ സലിം അഹമ്മദ് ചെയ്തത്.

സലിം അഹമ്മദ് തന്‍റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു. ‘കുഞ്ഞനന്തന്‍റെ കട’ എന്ന് പേരിട്ട ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ഈ ചിത്രത്തിന് ശബ്‌ദമിശ്രണം നിര്‍വഹിക്കുന്നത് ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി.

പലചരക്ക് കട നടത്തുന്ന കുഞ്ഞനന്തന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയാത്ത ദമ്പതികളുടെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം. കണ്ണൂരാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം. ‘അബു’വിനെ അനശ്വരനാക്കിയ സലിം കുമാര്‍ ‘കുഞ്ഞനന്തന്‍റെ കട’യിലും ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

നവാഗതരായ ഒട്ടേറെ അഭിനേതാക്കളും ഈ ചിത്രത്തിലുണ്ട്. കണ്ണൂര്‍ ഭാഗത്തുനിന്നുള്ള നാടകപ്രവര്‍ത്തകരാണ് കൂടുതലും. കണ്ണൂര്‍ സ്ലാംഗാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത് എന്നതിനാലും ലൈവ് റെക്കോര്‍ഡിംഗ് ആയതിനാലും കണ്ണൂരില്‍ നിന്നുള്ള അഭിനേതാക്കളെയാണ് കൂടുതലും ഉള്‍പ്പെടുത്തിയതെന്ന് സലിം അഹമ്മദ് പറഞ്ഞു. അബുവിനെ ക്യാമറയില്‍ പകര്‍ത്തിയ മധു അമ്പാട്ട് തന്നെ കുഞ്ഞനന്തനുവേണ്ടിയും ക്യാമറ ചലിപ്പിക്കും.

സിനിമയോടുള്ള സലിം അഹമ്മദിന്‍റെ അപ്രോച്ചാണ് തന്നെ ‘കുഞ്ഞനന്തന്‍റെ കട’യിലേക്ക് ആകര്‍ഷിച്ചതെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു.

അടുത്ത പേജില്‍ - വീണ്ടും ഒരു ‘നസ്രാണി’ക്കഥ!

PRO
മമ്മൂട്ടിയും ലാല്‍ ജോസും തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധമുണ്ട്. കമലിന്‍റെ സഹായിയായിരിക്കുമ്പൊഴേ ലാല്‍ ജോസ് മമ്മൂട്ടിയുമായി അടുത്തബന്ധം സ്ഥാപിച്ചതാണ്. ലാലുവിന്‍റെ ആദ്യചിത്രമായ മറവത്തൂര്‍ കനവില്‍ നായകന്‍ മമ്മൂട്ടിയായിരുന്നു. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ‘പട്ടാളം’ എന്ന ചിത്രമൊരുക്കി. കേരളാ കഫെ സിനിമാപരമ്പരയില്‍ ‘പുറം‌കാഴ്ചകള്‍’ എന്ന ലഘുചിത്രത്തിന് വേണ്ടിയും മമ്മൂട്ടിയും ലാല്‍ ജോസും ഒന്നിച്ചു.

മമ്മൂട്ടിയെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് ‘ഇമ്മാനുവല്‍’. വളരെ പ്രത്യേകതകളുള്ള ഒരു അച്ചായന്‍ കഥാപാത്രമായിരിക്കും ഈ സിനിമയില്‍ മമ്മൂട്ടിക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. മറവത്തൂര്‍ കനവിലെ ചാണ്ടിയെപ്പോലെ തികച്ചും വ്യത്യസ്തമായ ഒരു നസ്രാണിക്കഥാപാത്രമായിരിക്കും ഇമ്മാനുവലും. മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അടുത്ത പേജില്‍ - രക്തം കിനിയുന്ന കഥ

PRO
മമ്മൂട്ടി അധോലോക നായകനാകുന്ന ‘ഗാംഗ്സ്റ്റര്‍’ ആഷിക് അബുവാണ് ഒരുക്കുന്നത്. സോള്‍ട്ട് ആന്‍റ് പെപ്പറിലെ കെ ടി മിറാഷ് എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ അഹമ്മദ് സിദ്ദിഖ് എന്ന നടനാണ് ഗാംഗ്സ്റ്ററിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. തിരക്കഥയുടെ അവസാനവട്ട മിനുക്കുപണികളിലാണ് അഹമ്മദ് സിദ്ദിഖ് ഇപ്പോള്‍.

ആഷിക് അബുവിന്‍റെ രണ്ടാമത്തെ മമ്മൂട്ടിച്ചിത്രമാണ് ഗാംഗ്സ്റ്റര്‍. ആദ്യചിത്രമായ ‘ഡാഡി കൂള്‍’ പരാജയമായിരുന്നു. എന്നാല്‍ ആഷിക് അബു എന്ന സംവിധായകനെ അങ്ങനെ വിട്ടുകളയാന്‍ മമ്മൂട്ടി ഒരുക്കമായിരുന്നില്ല. നല്ല ഒരു ആക്ഷന്‍ കഥയുമായി വീണ്ടും വരാന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ചു. ഗാംഗ്സ്റ്ററിന്‍റെ കഥ പറഞ്ഞപ്പോള്‍ തന്നെ ആഷിക് അബുവിന് മമ്മൂട്ടി കൈകൊടുത്തു.

മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷ് ആയ അധോലോകചിത്രമാക്കി ഗാംഗ്സ്റ്ററിനെ മാറ്റാനുള്ള ഒരുക്കത്തിലാണ് ആഷിക് അബു. തമിഴ് നടന്‍ പാര്‍ത്ഥിപന്‍ ഒരു പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. രോഹിണി ഹട്ടങ്കടിയാണ് മറ്റൊരു അഭിനേതാവ്. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.

അതിരാത്രം, സാമ്രാജ്യം, പരമ്പര, ബിഗ്‌ബി, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, ബല്‍‌റാം വേഴ്സസ് താരാദാസ് തുടങ്ങിയ സിനിമകളിലാണ് മുമ്പ് മമ്മൂട്ടി അധോലോക നായകന്‍റെ വേഷം കെട്ടിയത്. ഇതില്‍ അതിരാത്രവും സാമ്രാജ്യവും സൂപ്പര്‍ഹിറ്റുകളായിരുന്നു. ബിഗ്‌ബി ആവറേജ് ഹിറ്റും.

എന്തായാലും വീണ്ടും ഒരു അധോലോക കഥ മമ്മൂട്ടി തെരഞ്ഞെടുക്കുമ്പോള്‍ ഒരു മെഗാഹിറ്റില്‍ കുറഞ്ഞൊന്നും അദ്ദേഹം പ്രതീക്ഷിക്കുന്നില്ല. ആഷിക് അബു മമ്മൂട്ടിയുടെ പ്രതീക്ഷ കാക്കുമെന്ന് കരുതാം. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാംഗ്സ്റ്റര്‍ എന്ന പേരില്‍ വന്ന ഒരു ഹിന്ദിച്ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

അടുത്ത പേജില്‍ - മമ്മൂട്ടി ഹോട്ടല്‍ ശൃംഖലയുടെ ഉടമ

PRO
‘ചൈനാടൌണ്‍’ റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത് വന്‍ ഹിറ്റായ സിനിമയാണ്. മോഹന്‍ലാല്‍, ജയറാം, ദിലീപ് എന്നിവര്‍ നായകന്‍‌മാരായ സിനിമ. ഈ മൂന്നുപേരും ഒന്നിച്ചു എന്നതുതന്നെയായിരുന്നു ചൈനാടൌണിന്‍റെ പ്രത്യേകത. ഇവരുടെ രസകരമായ പ്രകടനം കാണാന്‍ ജനം ഇരച്ചെത്തിയപ്പോള്‍ ചൈനാടൌണ്‍ കോടികള്‍ വാരി.

ഇവര്‍ മൂവരും ചേര്‍ന്ന് ഒരു സിനിമ ഇനിയുമുണ്ടാകുമോ എന്ന് കാത്തിരിക്കവേ, മറ്റൊരു വാര്‍ത്തയെത്തിയിരിക്കുന്നു. ചൈനാടൌണിലെ മൂവര്‍ സംഘം പോലെ മറ്റൊരു മൂവര്‍ സംഘം വരുന്നു. അതില്‍ ജയറാമും ദിലീപുമുണ്ട്. പക്ഷേ മോഹന്‍ലാല്‍ ഇല്ല, പകരം സാക്ഷാല്‍ മമ്മൂട്ടി!

തോംസണ്‍ സംവിധാനം ചെയ്യുന്ന ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി, ജയറാം, ദിലീപ് എന്ന അപൂര്‍വ കോമ്പിനേഷന്‍. ട്വന്‍റി20യില്‍ ഇവര്‍ ഒന്നിച്ചുവന്നെങ്കിലും ഇവരുടെ കോമ്പിനേഷന്‍ സീനുകള്‍ അധികം ഉണ്ടായിരുന്നില്ല. സൂപ്പര്‍ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ - സിബി കെ തോമസ് ആണ് ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ രചിക്കുന്നത്.

പ്രമുഖ ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥരായ കമ്മത്ത് സഹോദരന്‍‌മാരായാണ് മമ്മൂട്ടിയും ജയറാമും ചിത്രത്തില്‍ അഭിനയിക്കുന്നത്. കൊങ്കിണി-മലയാളം ശൈലിയിലാണ് മമ്മൂട്ടിയും ജയറാമും ഈ സിനിമയില്‍ സംസാരിക്കുന്നത്. ദിലീപ് ഇന്‍‌കം ടാക്സ് ഓഫീസറായാണ് അഭിനയിക്കുന്നത്. ഹോട്ടല്‍ ബിസിനസില്‍ നിന്ന് ലഭിക്കുന്ന ലാഭം മുഴുവന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായാണ് കമ്മത്ത് സഹോദരങ്ങള്‍ ഉപയോഗിക്കുന്നത്. ഇതിലെ കള്ളക്കളികള്‍ പുറത്തുകൊണ്ടുവരുന്ന ഇന്‍‌കം ടാക്സ് ഓഫീസറായാണ് ദിലീപ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ലക്ഷ്മിറായി മമ്മൂട്ടിയുടെ നായികയായും വേദിക ജയറാമിന്‍റെ നായികയായും എത്തുന്നു. ദിലീപിന് നായികയില്ല എന്നാണ് അറിയുന്നത്.

അടുത്ത പേജില്‍ - ഭാസ്കര പട്ടേലര്‍ക്ക് ശേഷം

PRO
“എനിക്ക്‌ ഈ ഇരിപ്പ്‌ ഇങ്ങനെ ഇരിക്കുന്നതാ ഏറ്റവും ഇഷ്‌ടം. വരാന്തേലോട്ടു ചാരുകസേരേം വലിച്ചിട്ട്‌ മിറ്റത്തോട്ടു നോക്കി ഒറ്റ ഇരിപ്പ്‌. പണിക്കാര്‌ വരുന്നു, പോകുന്നു, വല്ലപ്പോഴും അടുക്കളേന്ന്‌ ആന്‍സി എന്തെങ്കിലുമൊന്നു ചോദിക്കുന്നു. ഇടയ്‌ക്കെല്ലാം ഓരോ കല്യാണം വിളിക്കാരോ അതുപോലെ ആരെങ്കിലുമൊരു വീട്ടുകാരോ കൂട്ടരോ കേറി ഓരോ കാറ്‌ വരും. പിന്നെ, എനിക്ക്‌ ഉച്ചയൂണിനു മുമ്പ്‌ ഒരു സ്‌മോള്‍, അത്‌ ആന്‍സി മേശപ്പുറത്ത്‌ ഒഴിച്ചുവച്ചേക്കും. വൈകിട്ട്‌ ചപ്പാത്തിക്കുമുമ്പ്‌ രണ്ടു സ്‌മോള്‍. അത്‌ പ്രാര്‍ത്ഥന കഴിഞ്ഞ്‌ ഞാന്‍ തന്നെ അലമാരീന്ന്‌ എടുക്കും. വലി ഞാന്‍ നേരത്തേ തന്നെ നിര്‍ത്തി. ആന്‍സിക്ക്‌ ആ പൊകമണം ഒട്ടും ഇഷ്‌ടമല്ല. ഞാനിങ്ങനെ വരാന്തേലിരിക്കും. മിറ്റത്തു മഴ പെയ്യുന്നു. വെയില്‌ തെളിയുന്നു, കോഴി ഓടുന്നു. പിളേളര്‌ കളിക്കുന്നു, പക്ഷെ, കഴിഞ്ഞയാഴ്‌ചേലെ ആ ഒറ്റ രാത്രീടെ കാര്യമോര്‍ക്കുമ്പോള്‍ എനിക്ക്‌ ഇപ്പളും വിശ്വസിക്കാന്‍ പറ്റുന്നില്ല. ഈ ഞാനാണോ ആ ഞാന്‍?”

വ്യത്യസ്തനായ ഒരു മനുഷ്യന്‍ - പേര് ജോയി. ‘പാലായ്ക്ക് അപ്പുറം എന്നതാ നടക്കുന്നേ?” എന്ന് ഒരു വിവരവുമില്ലാത്തയാള്‍. സക്കറിയയുടെ സൃഷ്ടിയാണ് ഈ കഥാപാത്രം. ‘പ്രെയ്സ് ദി ലോര്‍ഡ്’ എന്ന നോവലിലെ ഈ കഥാപാത്രമാകാന്‍ മമ്മൂട്ടി ഒരുങ്ങിക്കഴിഞ്ഞു.

നവാഗതനായ ഷിബു ഗംഗാധരനാണ് ‘പ്രെയ്സ് ദി ലോര്‍ഡ്’ സംവിധാനം ചെയ്യുന്നത്. ഏറെ സമ്പന്നനാണ് ജോയി. നല്ല കൃഷിക്കാരനാണ്. എന്നാല്‍ ലോകവിവരം തീരെയില്ല. അങ്ങനെയൊരാളുടെ മുമ്പിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന കമിതാക്കള്‍ കഥയാകെ മാറ്റിമറിക്കുന്നു.

ടി പി രാജീവനാണ് പ്രെയ്സ് ദി ലോര്‍ഡിന് തിരക്കഥയെഴുതുന്നത്. തിരക്കഥയുടെ ആദ്യപകുതി പൂര്‍ത്തിയായിക്കഴിഞ്ഞു. എഴുതിയ അത്രയും ഭാഗം വായിച്ചുതീര്‍ത്ത മമ്മൂട്ടി ഹാപ്പിയാണ്. വിധേയനിലെ ഭാസ്കര പട്ടേലര്‍ക്ക് ശേഷം സക്കറിയയുടെ ഒരു കഥാപാത്രമാകാനുള്ള അവസരമാണ് മമ്മൂട്ടിക്ക് ലഭിച്ചിരിക്കുന്നത്.

അടുത്ത പേജില്‍ - "ഇമ്മിണി ബല്യ ഒന്ന് !“

PRO
" ഒന്നും ഒന്നും എത്രയാണെടാ?“

ഗുരുനാഥന്‍ ഒരിക്കല്‍ മജീദിനോടു ചോദിച്ചു. ഒന്നും ഒന്നും രണ്ടാണെന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ? പക്ഷേ, അതിന് മജീദ് പറഞ്ഞ അദ്ഭുതകരമായ ഉത്തരം കേട്ട് ഗുരുനാഥന്‍ പൊട്ടിച്ചിരിച്ചുപോയി. ക്ളാസ് ആകെ ചിരിച്ചു.

മജീദ് പറഞ്ഞ ഉത്തരം, പിന്നീട് അവന്‍െറ പരിഹാസപ്പേരുമായിത്തീര്‍ന്നു. ആ ഉത്തരം പറയുന്നതിനുമുന്പ് മജീദ് ഒന്നാലോചിച്ചു. രണ്ടു നദികള്‍ ഒഴുകിവന്ന് ഒന്നു ചേര്‍ന്ന് കുറച്ചുകൂടി തടിച്ച ഒരു നദിയായി ഒഴുകുന്നതുപോലെ രണ്ട് ഒന്നുകള്‍ ഒരുമിച്ചുചേരുമ്പോള്‍ കുറച്ചുകൂടി വണ്ണം വെച്ച ഒരു "ഒന്ന്“ ആയിത്തീരുന്നു. ശരിയും ആണല്ലോ. അങ്ങനെ കണക്കുകൂട്ടി സാഭിമാനം മജീദ് പ്രസ്താവിച്ചു.

" ഇമ്മിണി ബല്യ ഒന്ന് !“

അങ്ങനെ കണക്കു ശാസ്ത്രത്തില്‍ അദ്ഭുതകരമായ ഒരു പുതിയ തത്വം കണ്ടുപിടിച്ചതിന് മജീദിനെ അന്നു ബഞ്ചില്‍ കയറ്റി നിര്‍ത്തി. മണ്ടശ്ശിരോമണി !

വൈക്കം മുഖമ്മദ് ബഷീറിന്‍റെ ‘ബാല്യകാലസഖി’ സിനിമയാകുകയാണ്. മജീദാകുന്നത് മമ്മൂട്ടി. സംവിധാനം പ്രമോദ് പയ്യന്നൂര്‍. താരനിര്‍ണയം പുരോഗമിക്കുന്നു.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്