‘പോക്കിരിരാജ’ എന്ന സിനിമ മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും കരിയറിലെ വലിയ ഹിറ്റാണ്. ജയറാമിനും കുഞ്ചാക്കോ ബോബനും ബിജു മേനോനും മനോജ് കെ ജയനും പുതിയ മുഖം സമ്മാനിച്ച സിനിമയായിരുന്നു ‘സീനിയേഴ്സ്’. ഉണ്ണി മുകുന്ദനെ മാസ് ഹീറോയാക്കി മാറ്റിയത് ‘മല്ലുസിംഗ്’ ആണ്.
ഈ സിനിമകളെല്ലാം ഒരു സംവിധായകന്റെ സൃഷ്ടികളാണ്. കൊമേഴ്സ്യല്‍ സിനിമയുടെ മര്‍മമറിഞ്ഞ വൈശാഖ് എന്ന സംവിധായകന് തൊട്ടതെല്ലാം പൊന്നാകുകയായിരുന്നു. തനിക്ക് ആരും കാണാത്ത ക്ലാസ് സിനിമകളല്ല, കോടികള്‍ കിലുങ്ങുന്ന മാസ് സിനിമകളാണ് വേണ്ടത് എന്ന് പ്രഖ്യാപിക്കുകയാണ് ഈ സിനിമകളിലൂടെ വൈശാഖ് ചെയ്തത്.
എന്തായാലും വൈശാഖ് തന്റെ അടുത്ത ചിത്രം ആരംഭിക്കുകയാണ്. ഇത്തവണ മമ്മൂട്ടിയോ ജയറാമോ പൃഥ്വിരാജോ ഒന്നുമല്ല വൈശാഖിന്റെ ഹീറോ. ജനപ്രിയനായകന് ദിലീപിനെ നായകനാക്കിയാണ് വൈശാഖ് പുതിയ ചിത്രം ഒരുക്കുന്നത്. പടത്തിന് പേര് - രാജാധിരാജ!
ദിലീപിന്റെ താരമൂല്യം ഉയര്‍ത്തുന്നതരത്തില്‍ ഒരു ഗംഭീര ആക്ഷന്‍ കോമഡി എന്റര്ടെയ്നറായിരിക്കും രാജാധിരാജ എന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. ഈ പ്രൊജക്ടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വരും നാളുകളില്‍ പുറത്തുവിടുമെന്നാണ് സംവിധായകന് അറിയിച്ചിരിക്കുന്നത്.