ചന്ദ്രശേഖരനെ വെട്ടിക്കൊന്നവര്‍ മനുഷ്യരല്ല: മോഹന്‍ലാല്‍

Webdunia
തിങ്കള്‍, 21 മെയ് 2012 (18:26 IST)
PRO
ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നവര്‍ മനുഷ്യരല്ലെന്ന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍. കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്നവര്‍ പൊറുക്കുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ മടിയും പേടിയും തോന്നുന്നു എന്നും മോഹന്‍ലാല്‍ പറയുന്നു. അമ്പത്തിരണ്ടാം ജന്‍‌മദിനത്തില്‍ തന്‍റെ ബ്ലോഗിലെഴുതിയ കുറിപ്പിലാണ് മോഹന്‍ലാല്‍, ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

“ഒരു ബ്രെയിന്‍ അറ്റാക്ക് വന്ന് ബോധം മറഞ്ഞുകിടക്കുന്ന എന്‍റെ അമ്മയോടൊപ്പം കഴിഞ്ഞ മൂന്നുമാസമായി ഞാന്‍ അമൃത ആശുപത്രിയിലാണ് താമസിക്കുന്നത്. ആശുപത്രിയില്‍ താമസിക്കുമ്പോഴാണ് ജീവന്‍റെ വിലയും അതിന്‍റെ കനിവുകളും ഏറ്റവും ആഴത്തില്‍ അറിയുക. ഒരു മനുഷ്യനെ, മനുഷ്യരെന്ന് പേരിട്ട് വിളിക്കാന്‍ പാടില്ലാത്ത ഒരു സംഘം വെട്ടിക്കൊന്നത് വായിച്ചപ്പോള്‍ ഞാന്‍ സ്വയം ചോദിച്ചുപോയി - ഒരു കുഞ്ഞുറുമ്പിന് ജീവന്‍ നല്‍കാന്‍ ഈ കൊലയാളികള്‍ക്ക് കഴിയുമോ?” - മോഹന്‍ലാല്‍ ചോദിക്കുന്നു.

“ഇതിലെ രാഷ്ട്രീയമൊന്നും ഞാന്‍ പറയുന്നില്ല. എനിക്ക് അറിയില്ല. പക്ഷേ ഒന്നുഞാന്‍ പറയുന്നു. കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്നവര്‍ പൊറുക്കുന്ന ഈ നാട്ടില്‍ ജീവിക്കാന്‍ മടി തോനുന്നു, പേടി തോന്നുന്നു, മടുപ്പ് തോന്നുന്നു” - ലാല്‍ പറയുന്നു.

“ചന്ദ്രശേഖരനെ വ്യക്തിപരമായി എനിക്കറിയില്ല. പത്രങ്ങളില്‍ വായിച്ച അറിവേയുള്ളൂ. ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തിന് ഏകദേശം എന്‍റെ പ്രായമായിരിക്കും. എനിക്കൊന്ന് നോവുമ്പോള്‍ എന്‍റെ അമ്മയുടെ മനസ് പിടയ്ക്കുന്നത് ഞാന്‍ തൊട്ടറിഞ്ഞിട്ടുണ്ട്. അപ്പോള്‍ കൊത്തിനുറുക്കപ്പെട്ട മകനെയോര്‍ത്തുള്ള ആ അമ്മയുടെ നെഞ്ചിലെ സങ്കടക്കടലും എനിക്ക് തൊട്ടറിയാന്‍ സാധിക്കും. കണ്ണീരിന്‍റെ ആ കടലില്‍ എന്‍റെ ജന്‍‌മദിനാഹ്ലാദങ്ങള്‍ മുങ്ങിപ്പോകുന്നു” - മോഹന്‍ലാല്‍ തന്‍റെ കുറിപ്പില്‍ പറയുന്നു.

കടപ്പാട് - ദി കം‌പ്ലീറ്റ് ആക്ടര്‍ ബ്ലോഗ്