മമ്മൂട്ടിയുടെ പരുന്ത് ഒരു മോശം ചിത്രമായിരുന്നില്ല, പക്ഷേ ചില പാളിച്ചകളുണ്ടായിരുന്നു!

Webdunia
ചൊവ്വ, 12 മാര്‍ച്ച് 2019 (13:18 IST)
2008 ജൂലൈ ആദ്യവാരം രണ്ടു മലയാളചിത്രങ്ങള്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ നായകനായ മാടമ്പിയും മമ്മൂട്ടി നായകനായ പരുന്തും. പലിശയ്ക്ക് പണം കൊടുക്കുന്ന നായകന്‍‌മാരായിരുന്നു രണ്ടുചിത്രങ്ങളിലും ഉണ്ടായിരുന്നത്. ഏകദേശം സാമ്യമുള്ള കഥ. ഒരേസമയം പുറത്തിറങ്ങിയതിനാല്‍ പോരാട്ടം കടുത്തതാകുമെന്ന് പറയേണ്ടതില്ലല്ലോ. തനിക്ക് നേരെ വന്നാല്‍ ഏത് പരുന്തിന്‍റെയും ചിറകരിയുമെന്ന അര്‍ത്ഥത്തില്‍ മാടമ്പിയില്‍ ഒരു ഡയലോഗുണ്ടായിരുന്നു. ഇതിന് മറുപടിയെന്നോണം, ഏതു മാടമ്പിയെയും റാഞ്ചാനുള്ള കെല്‍പ്പ് ഈ പരുന്തിനുണ്ടെന്ന് മമ്മൂട്ടി ആരാധകര്‍ ഫ്ലക്സ് വച്ചു. ആവേശത്തിന്‍റെ കൊടുമുടി കണ്ട മത്സരത്തിനൊടുവില്‍ റിസള്‍ട്ട് വന്നു. 
 
മോഹന്‍ലാലിന്‍റെ മാടമ്പി മെഗാഹിറ്റായി. മമ്മൂട്ടിയുടെ പരുന്ത് പ്രതീക്ഷിച്ച വിജയം കൊയ്‌തില്ല. പരുന്ത് വേണ്ടത്ര ഉയരത്തില്‍ പറക്കാത്തത് മമ്മൂട്ടി ആരാധകര്‍ക്ക് നല്‍കിയ നിരാശ കുറച്ചൊന്നുമല്ല. എം പത്മകുമാര്‍ എന്ന സംവിധായകന്‍റെ വലിയ സ്വപ്നങ്ങള്‍കൂടിയാണ് പരുന്തിന്‍റെ പരാജയത്തിലൂടെ തകര്‍ന്നടിഞ്ഞത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം, ‘ശിക്കാര്‍’ എന്ന മെഗാഹിറ്റിലൂടെ എം പത്മകുമാര്‍ തിരിച്ചുവന്നു. പരുന്ത് തനിക്ക് സമ്മാനിച്ച സങ്കടങ്ങളെല്ലാം ശിക്കാറിലൂടെ പത്മകുമാര്‍ കഴുകിക്കളഞ്ഞു. അടുത്തിടെ ചെയ്ത ‘ജോസഫ്’ വലിയ ഹിറ്റാക്കിയ പദ്മകുമാര്‍ ഇപ്പോള്‍ മമ്മൂട്ടിച്ചിത്രമായ മാമാങ്കം സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ്‍.  
 
“പരുന്തിന്‌ അല്‍പം പാളിച്ചകളുണ്ടായി എന്നതു നേരാണ്‌. പക്ഷേ, അത്രമോശം പടമാണെന്നൊന്നും ഞാന്‍ കരുതുന്നില്ല. വന്‍ കൊമേഴ്‌സ്യല്‍ ചിത്രമെന്ന പ്രതീതിയിലാണ്‌ പ്രേക്ഷകര്‍ ആ സിനിമ കാണാനെത്തിയത്‌. പബ്ലിസിറ്റിയും ആ തരത്തിലായിരുന്നു. പലയിടത്തും ചിത്രം റിലീസ്‌ ചെയ്‌തത് രാത്രിയിലാണ്‌. ആ കാലത്തിറങ്ങിയ മാടമ്പിയെന്ന ചിത്രവുമായി അനാവശ്യ മല്‍സരം വന്നതും വേണ്ടിയിരുന്നില്ലെന്ന്‌ ഇപ്പോള്‍ തോന്നുന്നു. എങ്കിലും പരുന്ത്‌ എനിക്കിഷ്‌ടപ്പെട്ട ചിത്രം തന്നെയാണ്” - ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പത്മകുമാര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article