മോഹന്‍ലാല്‍ എന്നെ ചിന്തിപ്പിച്ചു: വിജയ്

വെള്ളി, 13 ഡിസം‌ബര്‍ 2013 (18:45 IST)
PRO
മോഹന്‍ലാല്‍ നിറയെ തമാശച്ചിത്രങ്ങള്‍ ചെയ്തിട്ടുള്ള നടനാണ്. എന്നാല്‍ അദ്ദേഹം യഥാര്‍ത്ഥ ജീവിതത്തില്‍ അത്രവലിയ തമാശക്കാരനല്ല. വളരെ ഗൌരവമുള്ള കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും എഴുതുകയും ചെയ്യുന്ന വ്യക്തിയാണ്. ഓഷോയുടെ ദര്‍ശനങ്ങളെക്കുറിച്ച് അഗാധമായ അറിവുള്ളയാളാണ്. അതിലൂടെ ജീവിതത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുന്നയാളാണ്.

ഇളയദളപതി വിജയ് എന്നും ആരാധനയോടെ കണ്ടിരുന്ന നടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്ന് വിജയ്ക്ക് വലിയ മോഹമായിരുന്നു. ആ മോഹമാണ് ‘ജില്ല’ എന്ന ചിത്രത്തിലൂടെ സാഫല്യമടഞ്ഞത്. “ലാല്‍ സാര്‍ നല്ലൊരു തമാശക്കാരനായിരുന്നു. അതേസമയം അദ്ദേഹത്തിന്‍റെ ചില സംഭാഷണങ്ങള്‍ എന്നെ ശരിക്കും ചിന്തിപ്പിക്കാന്‍ പോന്നവയായിരുന്നു” - വിജയ് വ്യക്തമാക്കുന്നു.

“ജില്ലയുടെ ഷൂട്ടിംഗിനിടയില്‍ ലാല്‍ സാറിന്‍റെ പെരുമാറ്റം കണ്ട്‌ ഞാന്‍ ചോദിച്ചു - 'ഇദ്ദേഹമാണോ മലയാളത്തിന്‍റെ സൂപ്പര്‍ സ്‌റ്റാര്‍?'. ലാല്‍ സാറിന്‍റെ വിനയപൂര്‍വമായ പെരുമാറ്റം കണ്ട്‌ ഞാന്‍ അത്ഭുതപ്പെട്ടു പോയിട്ടുണ്ട്‌. എത്രയെത്ര സിനിമകളില്‍, എത്രയെത്ര വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൈകാര്യം ചെയ്‌ത ലാല്‍ സാര്‍ ഇന്നും എന്‍റെ ആരാധ്യപുരുഷനാണ്” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ വിജയ് പറയുന്നു.

“പാചകകലയിലും ലാല്‍ സാര്‍ കേമനാണ്‌. ഒരുദിവസം അദ്ദേഹത്തിന്‍റെ വീട്ടില്‍ വച്ച്, അദ്ദേഹം തന്നെ ഭക്ഷണം പാചകം ചെയ്‌ത് എനിക്ക് തരികയുണ്ടായി! ആ ഭക്ഷണത്തിന്‍റെ സ്വാദ്‌ ഇപ്പോഴും എന്‍റെ നാവിലുണ്ട്‌. എനിക്ക്‌ എന്തെന്നില്ലാത്ത അഭിമാനം തോന്നി” - ഈ അഭിമുഖത്തില്‍ വിജയ് പറയുന്നു.

വെബ്ദുനിയ വായിക്കുക