മലയാളത്തിലും അഭിനയിക്കും: അസിന്‍

തിങ്കള്‍, 9 മാര്‍ച്ച് 2009 (14:12 IST)
PROPRO
നല്ല തിരക്കഥകളും പ്രൊജക്ടുകളും ലഭിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയും അഭിനയിക്കുമെന്ന് പ്രശസ്ത സിനിമാതാരം അസിന്‍. സിനിമ തെരഞ്ഞെടുക്കുന്നതിന് പ്രതിഫലം ഒരു ഘടകമായി താന്‍ കാണാറില്ലെന്നും അസിന്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അസിന്‍.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്ന ചിത്രത്തിലൂടെയായിരുന്നു അസിന്‍റെ സിനിമാപ്രവേശം. അതിന് ശേഷം തമിഴിലെ തിളങ്ങുന്ന താരമായ അസിന്‍, ഗജിനി എന്ന സിനിമയിലൂടെ ഹിന്ദിയിലും ചുവടുറപ്പിച്ചിരിക്കുകയാണ്. വിപുല്‍ ഷാ സംവിധാനം ചെയ്യുന്ന ലണ്ടന്‍ ഡ്രീംസാണ് അസിന്‍റെ പുതിയ ബോളിവുഡ് ചിത്രം.

മലയാളത്തില്‍ നിന്ന് ചില ഓഫറുകള്‍ വന്നിരുന്നു. എന്നാ‍ല്‍ ഡേറ്റ് പ്രശ്നമുള്ളതുകൊണ്ട് സഹകരിക്കാനായില്ല. സംവിധായകനും തിരക്കഥയും ബാനറുമൊക്കെ പരിഗണിച്ചാണ് സിനിമ തെരഞ്ഞെടുക്കുന്നത്.

‘അസിന്‍’ എന്ന തന്‍റെ പേര് മാറ്റണമെന്ന് പല നിര്‍ദ്ദേശങ്ങളും വരുന്നതായി താരം പറഞ്ഞു. ഗജിനിയിലെ കഥാപാത്രത്തിന്‍റെ പേരായ ‘കല്‍‌പന’ എന്ന പേരിടാനാണ് പലരും നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ അസിന്‍ എന്ന പേര് മാറ്റില്ല. ജാതിയും മതവുമൊന്നും തിരിച്ചറിയാന്‍ കഴിയാത്ത ഈ പേര് തനിക്ക് മാത്രമേയുള്ളൂ. ഇത് മാറ്റാന്‍ ഉദ്ദേശ്യമില്ല.

ഏത് ഭാഷയിലായാലും കഴിവുള്ളവര്‍ അംഗീകരിക്കപ്പെടും. ഭാഷ അറിയാം എന്നതാണ് തനിക്ക് ഗുണമായത്. ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ ബോളിവുഡില്‍ ഒരു നീക്കം ഉണ്ടെന്ന് കരുതുന്നില്ല. കഴിവും കഠിനാദ്ധ്വാനവും മാത്രമല്ല തന്‍റെ വിജയത്തിന് കാരണം. ഭാഗ്യമോ, ഈശ്വരാനുഗ്രഹമോ, പൂര്‍വികന്‍‌മാരുടെ അനുഗ്രഹമോ ഒക്കെ തന്നെ സഹായിക്കുന്നുണ്ടാകാം - അസിന്‍ വ്യക്തമാക്കി.

സല്‍‌മാന്‍‌ഖാനുമായി ചേര്‍ത്ത് ചില ഗോസിപ്പുകള്‍ അസിനെ ചുറ്റിപ്പറ്റി മുമ്പ് പ്രചരിച്ചിരുന്നു. എന്നാല്‍ അസിന്‍ പറയുന്നതു കേള്‍ക്കുക - “എനിക്ക് സിനിമയില്‍ പ്രൊഫഷണല്‍ ബന്ധം മാത്രമേയുള്ളൂ. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ഇതു തന്നെയാണ് എന്‍റെ നിലപാട്. അങ്ങനെയല്ലാത്ത ബന്ധമുള്ളത്, ചെറുപ്പകാലം മുതല്‍ ഒരുമിച്ച് പഠിച്ച് വളര്‍ന്നവരുമായാണ്”.

നയന്‍‌താരയുമായി തനിക്ക് ഒരു മത്സരവുമില്ലെന്ന് അസിന്‍ വ്യക്തമാക്കി. ആരോടെങ്കിലും താന്‍ മത്സരിക്കുന്നുണ്ടെങ്കില്‍ അത് തന്നോടു തന്നെയാണ്. നയന്‍‌താരയുമായി മത്സരമുണ്ട് എന്നതെല്ലാം മാധ്യമങ്ങളുടെ പ്രചരണമാണ്.

സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം. നായികാപ്രാധാന്യമുള്ള വേഷങ്ങള്‍ ലഭിക്കണമെന്ന് വാശിപിടിച്ചിട്ട് കാര്യമില്ല. എന്തായാലും, ഇപ്പോള്‍ വിവാഹം കഴിക്കാന്‍ താല്‍‌പര്യമില്ല. വിവാഹത്തെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല - അസിന്‍ നയം വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക