റോമ മലയാള സിനിമയില്‍ നായികാപദവിയില്‍ നിന്ന് ഔട്ടായോ? അങ്ങനെയൊരു ചോദ്യം അടുത്തിടെയായി ഉയരുന്നുണ്ട്. അതിന് കാരണമുണ്ട്. റോമ നായികയായ സിനിമകളൊന്നും ഇപ്പോള്‍ വരുന്നില്ല. അണിയറയിലും അങ്ങനെ ഒരു പ്രൊജക്ട് പ്ലാന്‍ ചെയ്യപ്പെടുന്നുമില്ല. എന്നാല്‍ റോമ ഉടന്‍ ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് എന്ന് ഒരു റിപ്പോര്‍ട്ട് ലഭിക്കുന്നു.
അതും ചെറിയ പ്രൊജക്ടൊന്നുമല്ല. മമ്മൂട്ടി നായകനാകുന്ന ചിത്രമാണ്. മമ്മൂട്ടിയെ നായകനാക്കി വി എം വിനു സംവിധാനം ചെയ്യുന്ന ‘ഫേസ് ടു ഫേസ്’ എന്ന ചിത്രത്തിലാണ് റോമ അഭിനയിക്കുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ നായികയായല്ല താന്‍ അഭിനയിക്കുന്നത് എന്ന് റോമ തന്നെ വ്യക്തമാക്കുന്നു.
" ഞാന്‍ മമ്മൂട്ടിയുടെ നായികയായല്ല അഭിനയിക്കുന്നത്. എന്നാല്‍ ഈ സിനിമയില്‍ അത്ഭുതപ്പെടുത്തുന്ന കഥാപാത്ര രൂപീകരണം എനിക്ക് കാണാനായി. എന്‍റെ കഥാപാത്രത്തിന് കഥയില്‍ നിര്‍ണായക സ്ഥാനവുമുണ്ട്. ഒരു സിനിമയില്‍ എന്‍റെ കഥാപാത്രം നായികയാണോ അല്ലയോ എന്ന് ഞാന്‍ ആകുലപ്പെടാറില്ല. കഥയില്‍ എന്‍റെ കഥാപാത്രത്തിന് എത്രമാത്രം പ്രാധാന്യമുണ്ട് എന്നേ ഞാന്‍ നോക്കാറുള്ളൂ” - റോമ വ്യക്തമാക്കി.
“സമീപകാലത്ത് ട്രാഫിക്, ചാപ്പാ കുരിശ്, ഗ്രാന്‍റ്മാസ്റ്റര്‍ തുടങ്ങിയ നല്ല സിനിമകള്‍ മലയാളത്തിലുണ്ടായി. ഈ സിനിമകളിലെല്ലാം എന്‍റെ സാന്നിധ്യമുണ്ടായിരുന്നു. ഈ ചിത്രങ്ങളിലെല്ലാം ചെയ്തതുപോലെ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്നതുമാത്രമാണ് എന്‍റെ ലക്‍ഷ്യം” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റോമ പറഞ്ഞു.
മുമ്പ് ‘1993 ബോംബെ മാര്‍ച്ച് 12’ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഒരു പ്രധാന വേഷത്തില്‍ റോമ അഭിനയിച്ചിരുന്നു.