ബാംഗ്ലൂര്‍ ഡെയ്സില്‍ എനിക്ക് അഭിനയിക്കാനാവില്ല: സൂര്യ

തിങ്കള്‍, 18 ഓഗസ്റ്റ് 2014 (17:04 IST)
ബാംഗ്ലൂര്‍ ഡെയ്സ് എന്ന മലയാളം സിനിമ കണ്ട സൂര്യ ആകെ ആവേശത്തിലാണ്. പടം ഗംഭീരമായി ബോധിച്ചെങ്കിലും ആ സിനിമ റീമേക്ക് ചെയ്താല്‍ തനിക്ക് അഭിനയിക്കാന്‍ കഴിയില്ലെന്ന് തമിഴ് സൂപ്പര്‍താരം പറയുന്നു.

"ചില സിനിമകള്‍ എനിക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്. പക്ഷേ സാധിക്കില്ല. അത്തരത്തില്‍ ഒരു സിനിമയാണ് മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ബാംഗ്ലൂര്‍ ഡെയ്സ്. മൂന്ന് ജോഡി. അവര്‍ക്ക് വ്യത്യസ്തമായ കഥകളും ജീവിതവും. എന്നാല്‍ ഇപ്പോള്‍ എനിക്ക് ആ സിനിമ ചെയ്യാനാവില്ല. അതിന് 25 വയസുകാരന്‍ ആയിരിക്കണം. അത് സാധ്യമല്ല" - സൂര്യ വ്യക്തമാക്കുന്നു.

സൂര്യയുടെ ഏറ്റവും പുതിയ ചിത്രം അഞ്ചാന്‍ കേരളത്തില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. അഞ്ചാനിലെ ഇരട്ടവേഷങ്ങള്‍ ഗംഭീരമാക്കിയതിന്‍റെ ത്രില്ലിലാണ് സൂര്യ.

"തിരക്കഥ കേട്ടപ്പോള്‍ തന്നെ അഞ്ചാന്‍ ഞാന്‍ ചെയ്യേണ്ട സിനിമയാണെന്ന് തോന്നി. ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി എന്നിലെ നടന്‍ ഉടന്‍ തന്നെ റെഡിയായി. ഇത്തരം അടിപൊളി കഥാപാത്രമായി എന്നെ മാറ്റിയെടുക്കുകയായിരുന്നു സംവിധായകന്‍ ലിംഗുസാമി. എനിക്ക് ലിംഗുസാമിചിത്രങ്ങള്‍ ഏറെയിഷ്ടമാണ്. അദ്ദേഹവുമായി പല സിനിമകള്‍ ഡിസ്കസ് ചെയ്തെങ്കിലും അഞ്ചാന്‍ ഒടുവില്‍ സംഭവിക്കുകയായിരുന്നു" - സൂര്യ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക