ദുല്‍ക്കര്‍ മാപ്പുപറഞ്ഞു - “എനിക്കത് കഴിഞ്ഞില്ല” !

Webdunia
വെള്ളി, 17 ഏപ്രില്‍ 2015 (14:14 IST)
ദുല്‍ക്കര്‍ സല്‍മാന്‍ തെന്നിന്ത്യ മുഴുവന്‍ തരംഗമാകുകയാണ്. മലയാളത്തിന്‍റെ ഈ യുവ സൂപ്പര്‍താരത്തിന് ഏപ്രില്‍ 17 ഭാഗ്യദിനമായി മാറുന്നു. ദുല്‍ക്കറിന്‍റെ മണിരത്നം ചിത്രം ‘ഓ കാതല്‍ കണ്‍‌മണി’ ലോകമെങ്ങും റിലീസായി. ചിത്രത്തേക്കുറിച്ച് ഗംഭീര അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
 
ഓ കാതല്‍ കണ്‍‌മണിക്ക് തെലുങ്ക് ഡബ്ബിംഗ് പതിപ്പുമുണ്ട്. ‘ഓകെ ബങ്കാരം’ എന്നാണ് തെലുങ്ക് പതിപ്പിന്‍റെ പേര്. ഇതിന്‍റെ ഓഡിയോ ലോഞ്ച് നടന്നപ്പോള്‍ ദുല്‍ക്കറിന് അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. തെലുങ്ക് പ്രേക്ഷകരോടും മാധ്യമപ്രവര്‍ത്തകരോടും അതിന് ദുല്‍ക്കര്‍ മാപ്പുപറഞ്ഞു.
 
തെലുങ്ക് പതിപ്പിന്‍റെ ഓഡിയോ ലോഞ്ചില്‍ മാധ്യമപ്രവര്‍ത്തകരും വിശിഷ്ടാതിഥികളുമൊക്കെ ഉണ്ടായിരുന്നു. ചിത്രത്തിലെ നായിക നിത്യാ മേനോന്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചെന്നൈയില്‍ ഒഴിവാക്കാനാവാത്ത ഒരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ തനിക്ക് തെലുങ്ക് ഓഡിയോ ലോഞ്ചിലെത്താന്‍ കഴിഞ്ഞില്ല എന്നും അതില്‍ അതിയായ വിഷമമുണ്ടെന്നും ദുല്‍ക്കര്‍ അറിയിച്ചതായി നിത്യ തന്നെ ചടങ്ങില്‍ അറിയിച്ചു.
 
എന്തായാലും സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ. എ ആര്‍ റഹ്‌മാന്‍ ഈണം പകര്‍ന്ന സിനിമയുടെ ഛായാഗ്രഹണം പി സി ശ്രീറാമാണ്.