ചന്തു ആകാന്‍ ദുല്‍ക്കര്‍ വന്നാല്‍ എതിര്‍ക്കില്ല: മമ്മൂട്ടി

Webdunia
വ്യാഴം, 12 ഫെബ്രുവരി 2015 (16:35 IST)
മലയാള സിനിമയിലെ അടയാളനക്ഷത്രമാണ് 'ഒരു വടക്കന്‍ വീരഗാഥ'. തോല്‍‌വികള്‍ ഏറ്റുവാങ്ങാന്‍ മാത്രം വിധിക്കപ്പെട്ട ചന്തുവിന്‍റെ ജീവിതം പകര്‍ത്തിയ സിനിമ മലയാളത്തിന്‍റെ പഴങ്കഥകള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ ചമച്ചു. ചന്തുവിനെ വെറും ചതിയന്‍ മാത്രമായി കാണാന്‍ ഇന്നാരും തയ്യാറാകുന്നില്ല. അത് ആ സിനിമയുടെ വിജയം. എം ടി എന്ന എഴുത്തുകാരന്‍റെ വിജയം. ഹരിഹരന്‍റെയും മമ്മൂട്ടിയുടെയും വിജയം.
 
കാല്‍നൂറ്റാണ്ടിന് ശേഷം ഇപ്പോള്‍ കാണുമ്പോഴും 'വീരഗാഥ'യുടെ വീര്യം കുറയുന്നില്ല. ആ സിനിമയില്‍ അഭിനയിച്ച മമ്മൂട്ടിയില്‍ നിന്ന് രൂപത്തില്‍ ഇപ്പോഴത്തെ മമ്മൂട്ടിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല. എന്നാല്‍ അഭിനയത്തില്‍ അദ്ദേഹം ഏറെ വളര്‍ന്നു. വടക്കന്‍ വീരഗാഥയിലെ ചന്തുവാകാന്‍ അന്ന് മമ്മൂട്ടിയല്ലാതെ മറ്റൊരു പേര് സ്രഷ്ടാക്കള്‍ ആലോചിച്ചുപോലുമില്ല. ആ സിനിമ റീമേക്ക് ചെയ്താല്‍ ആര് ചന്തുവാകും? ദുല്‍ക്കര്‍ സല്‍മാന്‍ ആ വേഷത്തില്‍ പരിഗണിക്കപ്പെട്ടാല്‍....
 
"പുതിയ കാലത്ത് വീരഗാഥയുടെ റീമേക്കിനെക്കുറിച്ച്, പ്രത്യേകിച്ച് ദുല്‍ക്കറിനെ വെച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. ആരെങ്കിലും ആലോചിച്ചാല്‍ അതവരുടെ സ്വാതന്ത്ര്യം. അതിനെ എതിര്‍ക്കാന്‍ ഞാന്‍ ഇല്ല. ദുല്‍ക്കര്‍ ഹരിശ്രീ കുറിച്ചതേ ഉള്ളൂ. ഇനിയുമെത്രയോ തെളിയാനുണ്ട്. നടന്‍ എന്ന രീതിയില്‍ എന്നിലുണ്ടായ വളര്‍ച്ച ചന്തുവിന് നല്കാന്‍ കഴിഞ്ഞില്ല എന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ട്. അങ്ങനെയാണ് അത് ഒന്നുകൂടി ഡിജിറ്റലൈസ് ചെയ്ത്, റീപ്രൊഡ്യൂസ് ചെയ്യണമെന്ന് ആഗ്രഹിച്ചത്. പിന്നീട് മറ്റു പലതിന്റെയും ഇടയില്‍ അതു നടന്നില്ല എന്നതാണ് വാസ്തവം. അത്രയധികം പ്രതിസന്ധിയിലൂടെയാണ് ആ കഥാപാത്രം കടന്നുപോകുന്നത്. ഓരോ സമയത്തും ഓരോ വികാരമാണ് ചന്തുവിന്. ബാല്യംമുതല്‍ മരണംവരെ അയാളില്‍ ഒട്ടുമിക്ക വികാരങ്ങളുടെയും പ്രകടനങ്ങള്‍ വന്നുപോകുന്നു. പെര്‍ഫോമന്‍സിന് ഇത്രയും സാധ്യതയുള്ള വേഷങ്ങള്‍ കുറവാണ്" - രാജീവ് മാങ്കോട്ടിലിന് അനുവദിച്ച അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നു. 
 
രാജീവ് മാങ്കോട്ടില്‍ രചിച്ച 'ഒരു വടക്കന്‍ വീരഗാഥ: 25 വര്‍ഷങ്ങള്‍' എന്ന പുസ്തകത്തില്‍ ഈ അഭിമുഖം ചേര്‍ത്തിട്ടുണ്ട്. മാതൃഭൂമിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.