കമലഹാസനില്‍ ശിവാജി ഗണേശനെ കാണാം, മോഹന്‍ലാലില്‍ ആരുമില്ല !

Webdunia
ചൊവ്വ, 2 ജൂണ്‍ 2015 (12:44 IST)
മഹാനടന്‍‌മാരായ മോഹന്‍ലാലിനെയും കമല്‍ഹാസനെയും താരതമ്യപ്പെടുത്തി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നു. ഒരു ഷോട്ടിന് വേണ്ടി ഏറെ മുന്നൊരുക്കങ്ങള്‍ നടത്തുന്ന നടനാണ് കമല്‍ഹാസനെന്നും ഒരു മുന്നൊരുക്കവും നടത്താത്ത ആളാണ് മോഹന്‍ലാലെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. തനിക്കുമുമ്പേ നടന്നുപോയ മഹാപ്രതിഭകളില്‍ ആരുടെയും സാന്നിധ്യം തന്‍റെ അഭിനയശൈലിയില്‍ വരുത്താതിരിക്കാന്‍ മോഹന്‍ലാലിന് കഴിയുന്നുണ്ടെന്നും ഉണ്ണികൃഷ്ണന്‍ വിലയിരുത്തുന്നു. 
 
“മോഹന്‍ലാലിനെപ്പോലെ നൈസര്‍ഗ്ഗികമായ അഭിനയപ്രകടനം ഇന്ത്യയില്‍ മറ്റൊരു നടനും ഉണ്ടെന്നുതോന്നുന്നില്ല. ലാല്‍ ഒരു ശൈലീഭാവത്തിന്‍റെയും കോപ്പിറൈറ്ററല്ല. എന്നാല്‍ കമലഹാസനില്‍ നമുക്ക് ശിവാജി ഗണേശനെ കാണാം. ഡസ്റ്റിന്‍ ഹോപ്മാനെ കാണാം. അല്‍‌പാച്നോയെ കാണാം. ഒരുപാടുപേരുടെ സ്വാധീനം അദ്ദേഹത്തില്‍ കാണാം” - ബി ഉണ്ണികൃഷ്ണന്‍ വിലയിരുത്തുന്നു. 
 
“വലിയ പ്രതിഭകളുടെ അഭിനയശൈലി തന്‍റെ അഭിനയത്തില്‍ കമല്‍ഹാസന്‍ വരുത്തുന്നത് മോശമാണെന്നല്ല പറയുന്നത്. അവരില്‍നിന്നൊക്കെയുള്ള അസംസ്‌കൃതഘടകങ്ങളെ സ്വീകരിച്ചുകൊണ്ട് തെളിമയാര്‍ന്ന പുതിയൊരു ശൈലി ഉണ്ടാക്കുകയാണ് കമല്‍ ചെയ്തത്. എന്നാല്‍ മോഹന്‍ലാലിന്‍റേത് നാം ഇതുവരെ കണ്ടുശീലിച്ചിട്ടുള്ള അഭിനയമേ അല്ല. ഇതുവരെ കേട്ടിട്ടുള്ള ഡയലോഗ് റെന്‍ററിംഗേ അല്ലേ. പതിവ് നടപ്പുശീലങ്ങളില്‍ നിന്നുകൊണ്ടല്ല അദ്ദേഹം അഭിനയിക്കുന്നത്” - ഉണ്ണികൃഷ്ണന്‍ പറയുന്നു.
 
“മോഹന്‍ലാല്‍ അടുത്തതായി എന്താണ് ചെയ്യുന്നതെന്ന് നമുക്ക് പറയാന്‍ കഴിയില്ല. അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അദ്ദേഹത്തിനും അറിയില്ല. ഒരു ഷോട്ടിന് വേണ്ടി മുന്നൊരുക്കങ്ങള്‍ നടത്തുന്ന നടനാണ് കമല്‍ഹാസന്‍. താന്‍ എന്താണ് ചെയ്യുന്നത്, ചെയ്യാന്‍ പോകുന്നത് എന്ന് കൃത്യമായ ധാരണയോടെയാണ് അദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. എന്നാല്‍ ലാലിനെ സംബന്ധിച്ചിടത്തോളം ഡയറക്ടര്‍ ‘ആക്ഷന്‍’ എന്നുപറയുന്നതുവരെയും അദ്ദേഹത്തിനു തന്നെ നല്ല തീര്‍ച്ചയില്ല താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന്. അല്ലെങ്കില്‍ അദ്ദേഹം അതിനെക്കുറിച്ച് ഒട്ടും ബോതേര്‍ഡ് അല്ല” - ഉണ്ണികൃഷ്ണന്‍ ‘നാന’യ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.