മുണ്ടശേരി കൃതികള്‍

Webdunia
മുണ്ടശേരി കൃതികള്‍

രണ്ട് വാല്യം
കറന്‍റ് ബുക്സ്, തൃശൂര്‍
വാല്യം ഒന്ന് - 695 പേജ്
വാല്യം രണ്ട് - 672 പേജ്
വില 1100 രൂപ

പ്രതിഭാധനരായ സാഹിത്യകാരന്‍മാര്‍ മലയാളത്തില്‍ വിളങ്ങിനിന്ന കാലത്താണ് നിരൂപകന്‍ എന്ന നിലയില്‍ ജോസഫ് മുണ്ടശേരി രംഗം കീഴടക്കുന്നത്. നിരൂപണത്തില്‍ തികച്ചും വ്യത്യസ്തവും വ്യക്തവുമായ ഒരു കാഴ്ചപ്പാട് അദ്ദേഹത്തിന് ഉണ്ടായിരുന്നു. പറയാനുള്ളത് ഉറച്ച സ്വരത്തിലും പഴുതുകളില്ലാതെയും പറയുവാന്‍ മുണ്ടശ്ശേരിക്ക് എക്കാലവും കഴിഞ്ഞു.

മുണ്ടശേരിയുടെ കൃതികള്‍ രണ്ട് വാല്യങ്ങളിലായി വീണ്ടും പുറത്തിറക്കുന്നത് സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമാകുമെന്ന് തീര്‍ച്ചയാണ്.

മുഖം നോക്കാതെയുള്ള വിമര്‍ശനമായിരുന്നു മുണ്ടശേരിയുടെ നയം. ആശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ എന്നീ കവിത്രയങ്ങളുടെ കൃതികളെ പഠിച്ച് നിരൂപണം ചെയ്തുകൊണ്ടാണ് മുണ്ടശേരി അരങ്ങേറ്റം കുറിക്കുന്നത്. കൃതികളുടെ സൂക്സ്മമായ ഓരോ അംശങ്ങളിലൂടെയും കടന്നുചെന്നാണ് അദ്ദേഹം വിലയിരുത്തല്‍ നടത്തിയത്.

മൂര്‍ച്ചയേറിയ ഭാഷയില്‍ മുണ്ടശേരി തൊടുത്ത വിമര്‍ശന ശരങ്ങള്‍ കൊള്ളേണ്ടിടത്തെല്ലാം കൊള്ളുകയും ചെയ്തു. എഴുതിയ ആളിനെ നോക്കിയല്ല മുണ്ടശേരി നിരൂപണങ്ങള്‍ നടത്തിയത്. ആ പാത പിന്‍തുടരാന്‍ ഇന്ന് ഏറെ പേരില്ലെന്നത് ഓര്‍ക്കേണ്ട വസ്തുതയാണ്.

മുണ്ടശേരി കൃതികളുടെ ഒന്നാം വാല്യത്തില്‍ മാറ്റൊലി, അന്തരീക്ഷം, കാവ്യപീഠിക, മാനദണ്ഡം തുടങ്ങി പന്ത്രണ്ടോളം ഭാഗങ്ങളിലായി മുണ്ടശേരിയുടെ നിരൂപണങ്ങളും കാഴ്ചപ്പാടുകളും ലേഖനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

മുണ്ടശേരിയുടെ നിരൂപണങ്ങളില്‍ ആദ്യമായി പുറത്തിറങ്ങിയത് മാറ്റൊലിയാണ്. കരുണ, മഗ്ദലനമറിയം, പിംഗള തുടങ്ങിയ കൃതികളെയാണ് ഇതില്‍ നിരൂപണം നടത്തുന്നത്. ചിന്താവിഷ്ടയായ സീത, അച്ഛനും മകളും, കര്‍മ്മഭൂഷണം, അന്തരീക്ഷത്തില്‍ എന്നിവയുടെ നിരൂപണം അന്തരീക്ഷം എന്ന ഭാഗത്തിലുണ്ട്.

കല എന്തിനുവേണ്ടി, റിയലിസം മുന്നോട്, സാഹിത്യ പുരോഗതി, റഷ്യന്‍ നോവല്‍ സാഹിത്യം, സാഹിത്യത്തിലെ സ്ത്രീ തുടങ്ങി വ്യത്യസ്ത തലങ്ങളിലേക്ക് മുണ്ടശേരിയുടെ ചിന്താധാരകള്‍ വ്യാപിച്ചുകിടക്കുന്നു.

രാജരാജന്‍റെ മാറ്റൊലി, നാടകാന്തം കവിത്വം എന്നീ സാഹിത്യപഠനങ്ങളും ഒന്നാം വാല്യത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രശസ്തമായ ലേഖനങ്ങളും പഠനങ്ങളും നിരൂപണങ്ങളും കൊണ്ട് സമ്പന്നമാണ് രണ്ടാം വാല്യവും. രണ്ടാം വാല്യത്തില്‍ ബുദ്ധിമാന്‍മാര്‍ ജീവിക്കുന്നു എന്ന തലക്കെട്ടില്‍ ജെ.ബി.എസ്. ഹാല്‍ഡെയിന്‍, എലിയട്ട്, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, സര്‍ദാര്‍ കെ.എം. പണിക്കര്‍, ഐ.സി. ചാക്കോ, എം.പി. പോള്‍, സി. അന്തപ്പായി എന്നിവരുടെ ലോകത്തിലേക്ക് മുണ്ടശേരി നമ്മെ നയിക്കുന്നു.

പ്രഭാഷണാവലി, പാശ്ഛാത്യ സാഹിത്യസമീക്ഷ, മനുഷ്യകഥാനുഗായികള്‍, നനയാതെ പീന്‍ പിടിക്കാമോ, വായനശാലയില്‍ (ഒന്നാം ഭാഗം), വായനശാലയില്‍ (രണ്ടാം ഭാഗം), വായനശാലയില്‍ (മൂന്നാം ഭാഗം), വായനശാലയില്‍ (നാലാം ഭാഗം) ആശാന്‍ കവിത - ഒരു പഠനം, വള്ളത്തോള്‍ കവിത ഒരു പഠനം എന്നീ ഭാഗങ്ങളിലായി കിടക്കുന്ന പ്രൗഢമായ വിലയിരുത്തലുകള്‍ മികച്ച വായനാനുഭവമായിരിക്കും.

ഏറ്റവും ശ്രേഷ്ടമായ ഒന്നായാണ് സാഹിത്യത്തെ മുണ്ടശേരി കണ്ടിട്ടുള്ളത്. അതിനാല്‍ ശരികേടുകള്‍ക്ക് മുന്നില്‍ അദ്ദേഹം സിംഹഗര്‍ജനം നടത്തുന്നു. മലയാള സാഹിത്യം വിശ്വനിലവാരത്തിലേക്ക് ഉയരണമെന്ന അദമ്യമായ ആഗ്രഹമായിരിക്കാം മുണ്ടശേരിക്ക് പതറാത്ത സ്വരം നല്‍കിയത്.