കഥയുടെ വിത്തുകള്‍

Webdunia
ശനി, 13 ഒക്‌ടോബര്‍ 2007 (18:53 IST)
FILEFILE
ലോഹിതദാസ്.മലയാളത്തിലെ പ്രതിഭാശാലിയായ ചലച്ചിത്രക്കാരന്‍. മദ്ധ്യവര്‍ഗത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹത്തെ തിരക്കഥകളിലൂടെ രൂപം കൊണ്ട സിനിമകള്‍ മലയാളിയുടെ മനസ്സില്‍ നിന്നും ഒരിക്കലും മായുകയില്ല. ഒരു കാലത്ത് മലയാള സിനിമ രംഗത്തെ ഏറ്റവും വിപണന മൂല്യമുള്ള കൂട്ടുകെട്ടായിരുന്നു സിബിമലയില്‍- ലോഹിതദാസ് കൂട്ടുക്കെട്ട്.

നൂറുശതമാനം ഭാവനയില്‍ നിന്ന് ഒരു സര്‍ഗാത്മക പ്രവര്‍ത്തനവും സാദ്ധ്യമല്ല. ജീവിതമാകുന്ന ആലയില്‍ നിന്ന് അല്‍പ്പം അസംസ്‌കൃത വസ്തു അതിന് ആവശ്യമാണ്.ഒരു നിമിഷം, ഒരു വാക്ക്, ഒരു നോട്ടം...ഇതെല്ലാം മതി ഒരു സര്‍ഗാത്മക കൃതി രൂപം കൊള്ളുന്നതിന്.

ഒരു വസ്തു ഏതൊക്കെ അസംസ്‌കൃത വസ്തുക്കള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് അറിയുവാന്‍ മനുഷ്യ മനസ്സിന് വളരെ ആകാംഷയാണ് ഉള്ളത്. ‘കഥയുടെ കാണാപ്പുറങ്ങളില്‍ തന്‍റെ സിനിമകള്‍ക്ക് പ്രചോദനമായ അനുഭവങ്ങള്‍ ലോഹിതദാസ് തുറന്നു പറയുന്നു.

കാവ്യഭാഷയില്‍ പറയുകയാണെങ്കില്‍ നവരസങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന അനുഭവക്കുറിപ്പുകളാണ് ഇതിലുള്ളത്.കവിത്വം ഓരോ വരിയിലും തുളുമ്പി നില്‍ക്കുന്നു. ജീവിതത്തിന്‍റെ മൂര്‍ച്ചയുള്ള ഭാഗത്തിലൂടെ കടന്നു പോയവനാണ് ലോഹിതദാസ്.

തുടക്കത്തില്‍ ധ്രുതഗതിയിലുള്ള അനുഭവവിവരണം അവസാനഘട്ടത്തില്‍ എത്തുമ്പോള്‍ സാവധാനത്തിലെത്തുന്നു. ഒരു കലാസൃഷ്‌ടി രംഗത്ത് അവതരിപ്പിക്കുമ്പോള്‍ ഉണ്ടായിരിക്കേണ്ട നാടകീയതകള്‍ ലോഹിതദാസിന്‍റെ അനുഭവക്കുറിപ്പുകളില്‍ കാണുവാ‍ന്‍ കഴിയും.


പാഥേയം,തനിയാവര്‍ത്തനം,ചെങ്കോല്‍, മൃഗയ,ദശരഥം തുടങ്ങിയ ചിത്രങ്ങള്‍ക്ക് പ്രചോദനമേകിയ തന്‍റെ അനുഭവങ്ങള്‍ ലോഹിതദാസ് വിവരിക്കുമ്പോള്‍ നമ്മള്‍ ആലോചിച്ചു പോകുക വല്ലഭനും പുല്ലും ആയുധമാണെന്നാണ്. അനുഭവങ്ങളെ സംസ്‌കരിച്ചെടുക്കുന്നതില്‍ വിജയിച്ച ചുരുക്കം ചില സിനിമക്കാരില്‍ ഒരാളാണ് ലോഹിതദാസ്. പച്ചയായ, മലയാളിത്വമുള്ള കഥാപാത്രങ്ങളെയാണ് ലോഹിതദാസ് മലയാളിക്ക് നല്‍കിയത്.

ലോഹിതദാസ് കണ്ണും കാതും തുറന്നു വെച്ചാണ് ഓരോ നിമിഷവും ജീവിക്കുന്നത്. ജീവിതമാകുന്ന കടലില്‍ ഓരോ നിമിഷവും ലോഹിതദാസ് വലയെറിയുന്നു. അവയെ വേണ്ട വിധത്തില്‍ പാചകം ചെയ്ത് ആസ്വാദകര്‍ക്ക് പകര്‍ന്നു നല്‍കുന്നു.

തനതായ ഒരു വ്യക്തിത്വം കഥാപാത്രങ്ങള്‍ക്ക് ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടതെല്ലാം സമൂഹത്തിലുണ്ടെന്ന പാഠമാണ് ലോഹിതദാസിന്‍റെ ഈ കൃതി നല്‍കുന്നത്. ജീവിതത്തെ മാറ്റി നിറുത്തിയിട്ടുള്ള കല സപര്യ സാധ്യമല്ലെന്ന ധ്വനിയും ഈ പുസ്തകം നല്‍കുന്നു.

ലോഹിതദാസിന്‍റെ മറ്റൊരു മികവ് സംഘര്‍ഷങ്ങളെ മനസ്സിലാക്കുന്നതിനുള്ള മികവാണ്. ഓരോ താന്‍ കാണുന്ന മനുഷ്യരുടെ സംഘര്‍ഷം മനസ്സിലാക്കി. അതിനെ കേന്ദ്രപ്രമേയമാക്കി തിരക്കഥ രചിക്കുന്നതിലുള്ള മികവ് അനുപമാണ്. ജീവിതം സങ്കീര്‍ണമാണ്.

ആ സങ്കീര്‍ണതയെ ശരിയായ അനുപാതത്തിലാക്കി നല്ല സിനിമയുണ്ടാക്കുന്നതിന് ആവശ്യമായ തിരക്കഥ രചിക്കുന്നത് എങ്ങനെയാണെന്ന് പുതു തലമുറക്ക് ലോഹിതദാസ് ഈ പുസ്തകത്തിലൂടെ പകര്‍ന്നു നല്‍കുകയും ചെയ്യുന്നു.