ശരീരത്തിനും മനസിനും ഊര്‍ജ്ജം പകരാന്‍ യോഗ!

അനിരാജ് എ കെ

വെള്ളി, 28 ഫെബ്രുവരി 2020 (14:15 IST)
ശരീരത്തിനും മനസിനും ഉന്മേഷവും ഊര്‍ജ്ജവും പ്രദാനം ചെയ്യുന്നതാണ് യോഗാഭ്യാസം. ഇത് പരിശീലിക്കുന്നത് കൊണ്ട് പലവിധത്തില്‍ പ്രയോജനമുണ്ട്. ആരോഗ്യമ്യുളള ശരീരവും മനസും പ്രദാനം ചെയ്യാന്‍ യോഗാഭ്യാസത്തിലൂടെ കഴിയും. എന്തൊക്കെ പ്രയോജനങ്ങളാണ് യോഗഭ്യാസത്തിലൂടെ ലഭിക്കുന്നത് എന്ന് വിശദീകരിക്കാം.
 
ഐക്യം
 
ശരീരം, മനസ്, ആത്മാവ് എന്നിവ തമ്മില്‍ ഐക്യം ഉണ്ടാകുന്നതാണ് യോഗാഭ്യാസത്തിലൂടെ ലഭിക്കുന്ന ഒരു പ്രധാന നേട്ടം. നിങ്ങളുടെ ഒരു ഭാഗം തന്നെ മറ്റ് ഭാഗങ്ങളെ തടസപ്പെടുത്തുന്ന സാഹചര്യം ഈ ഐക്യം മൂലം ഒഴിവാക്കാവുന്നതാണ്. ഉദാഹരണത്തിന് നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അശുഭ ചിന്തകള്‍, ശാരീരികമായി അനുഭവപ്പെടുന്ന വേദന എന്നിവ മൂലം തടസപ്പെടുന്നത് ഒഴിവാക്കാന്‍ സാധിക്കും.
 
വര്‍ദ്ധിച്ച അവബോധം
 
യോഗാഭ്യാസം പരിശീലിക്കുന്നതിലൂടെ കൂടുതല്‍ അവബോധം കൈവരാന്‍ ഉപകരിക്കുന്നു. നമുക്ക് പലപ്പോഴും വേദന, അസുഖം, അശുഭ ചിന്തകള്‍ എന്നിവ ഉണ്ടാകുന്നു. നമ്മുടെ ശാരീരികവും വൈകാരികവുമായ പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തത് കൊണ്ടാണ് ഇതുണ്ടാകുന്നത്. യോഗാഭ്യാസത്തിലൂടെ ഈ പ്രശ്നങ്ങള്‍ ഇത് തിരിച്ചറിയാന്‍ കഴിയും.
 
വേദന നിയന്ത്രണം
 
അസുഖങ്ങള്‍ മൂലവും മറ്റും വേദന അനുഭവിക്കുന്നവര്‍ക്ക് യോഗാഭ്യാസം പ്രയോജനം ചെയ്യും. യോഗാഭ്യാസം പരിശീലിക്കുന്നതിലുടെ മാംസപേശികളുടെയും സന്ധികളിലെയും വേദന കുറയും. കൂടുതല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് കൂടുതല്‍ സാങ്കേതികതയുള്ള യോഗാഭ്യാസ മുറകള്‍ ആവശ്യമായി വരും. യോഗാഭ്യാസം പരിശീലിക്കുന്നവര്‍ക്ക് വേദനയില്‍ നിന്നും മുക്തി നേടാന്‍ കഴിയും.
 
ശരീരശക്തി
 
ശരീര ചലനങ്ങള്‍ കൂടുതല്‍ വേഗത്തിലാകാന്‍ യോഗാഭ്യാസം പരിശീലിക്കുന്നതിലൂടെ കഴിയുന്നു. ശരീരത്തിന്‍റെ ശക്തിയും വര്‍ദ്ധിക്കുന്നു. ഓഫീസില്‍ എപ്പോഴും ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഇത് ഗുണം ചെയ്യും.
 
അസുഖം ഭേദമാക്കല്‍
 
ചില അസുഖങ്ങള്‍ ഭേദപ്പെടാന്‍ യോഗാഭ്യാസം സഹായിക്കും. യോഗഭ്യാസം പരിശീലിക്കുന്നതിലൂടെ രക്തചംക്രമണവും മറ്റും വര്‍ദ്ധിക്കുന്നതാണ് കാരണം. ഇതുവഴി കോശങ്ങള്‍ക്ക് വേണ്ട പോഷകങ്ങള്‍ നല്‍കുകയും വിഷാംശങ്ങള്‍ പുറം തള്ളുകയും ചെയ്യും. ആസ്ത്മ, സന്ധിവാതം, അമിതവണ്ണം എന്നിവ ഉളളവര്‍ക്കെല്ലാം ഇത് പ്രയോജനം ചെയ്യും.
 
യോഗ പരിശീലിക്കണമെന്ന് തോന്നുന്നുണ്ടോ? ഒന്ന് ശ്രമിച്ചു നോക്കൂ. പ്രയോജനം എന്താണെന്ന് സ്വയം മനസിലാകുമല്ലോ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍