വിദ്യാഭ്യാസ വായ്പ; ചുമലിൽ തൂങ്ങുന്ന സാമ്പത്തിക ബാധ്യത, അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ചൊവ്വ, 12 ജൂലൈ 2016 (15:44 IST)
ലോൺ എടുത്ത് പഠിക്കുന്ന വിദ്യാർത്ഥിക‌ൾ ഒരുപാടാണ് കേരളത്തിൽ. എന്നാൽ വിദ്യാഭ്യാസ വായ്പയെടുക്കുന്നവർ അതിന്റെ നിബന്ധനക‌ൾ എന്തെല്ലാമെന്ന കാര്യം ഒരാവർത്തിയെങ്കിലും വായിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. നിബന്ധനകൾ മനസ്സിലാക്കാതെ വെട്ടിൽ വീഴുന്നവരും കുറവല്ല. വീഴ്ച വന്നാൽ ചുമലിൽ തൂങ്ങുന്ന സാമ്പത്തിക ബാധ്യത താങ്ങാനാകാതെ വരും.
 
വായ്പ തിരിച്ചടക്കാൻ കഴിയാതെ വരുമ്പോൾ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിലും കുറവൊന്നുമില്ല. വ്യക്തമായ അറിവുകൾ ഇല്ല എന്നതാണ് ഇതിന്റെ പ്രധാനകാരണം. ബിരുദവും ബിരുദാനന്തര ബിരുദവും പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ബാങ്കുകൾ വായ്പ അനുവദിക്കുക. പഠന ചെലവുകൾക്ക് ആവശ്യമായ തുകയാണ് വായ്പയായി ലഭിക്കുക. ഇതിൽ രാജ്യത്തിനകത്തും പുറത്തും പഠിക്കുന്നവർക്ക് വ്യത്യസ്തമായ അളവിലാണ് വായ്പകൾ ലഭ്യമാവുക.
 
വായ്പ എടുക്കുന്ന കുട്ടിക്കൊപ്പം രക്ഷിതാക്കളുടെ പേരുകൂടി ചേർക്കാറുണ്ട്. നാലു ലക്ഷം രൂപ വരെ വായ്പയെടുക്കുന്നതിന് സാധാരണ മൂന്നാമതൊരാൾ ജാമ്യം നിൽക്കേണ്ട ആവശ്യമുണ്ടാകാറില്ല. ഇതിൽ കൂടുതൽ തുക ആണെങ്കിൽ മാത്രമേ ജാമ്യാമായി മറ്റു വസ്തുവകകൾ നൽകേണ്ടതുള്ളു. 
 
സാധാരണ ഗതിയിൽ അഞ്ചുമുതൽ ഏഴുവരെയാണ് വായ്പകൾ തിരിച്ചടക്കാനുള്ള കാലാവധി. വായ്പയുടെ സ്വഭാവമനുസരിച്ച് ഇത് പത്ത് വരേയും നീളാറുണ്ട്. പഠനം അവസാനിച്ച് ഒരു വർഷത്തിനുള്ളിലാണ് വായ്പ അടച്ചുതുടങ്ങേണ്ടത്. വിദ്യാഭ്യാസ വായ്പകൾ തരിച്ചടക്കാതിരിക്കുമ്പോൾ ഭാവിയിൽ മറ്റു വായ്പകൾ ലഭിക്കാൻ ബുദ്ധിമുട്ടുക‌ൾ ഉണ്ടാകും.

വെബ്ദുനിയ വായിക്കുക