രാജ്യത്ത് കൊവിഡ് അതിവേഗം പടരുന്നത് ഈ 7 സംസ്ഥാനങ്ങളിൽ, ഏറ്റവും കുറവ് കേരളത്തിൽ; കണക്കുകളിങ്ങനെ

അനു മുരളി

ശനി, 25 ഏപ്രില്‍ 2020 (10:39 IST)
രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം കാൽ ലക്ഷത്തിലേക്ക് കുതിക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുമ്പോഴും രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് ആണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേരാണ് രാജ്യത്ത് രോഗ ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ 775 പേരാണ് രാജ്യത്ത് ഇതിനോടകം മരണമടഞ്ഞിരിക്കുന്നത്. 
 
രാജ്യത്താകെ രോഗബാധിതരുടെ എണ്ണം 24,506 ആയി. കഴിഞ്ഞ ദിവസം 1,429 പേർക്കാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 5,063 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം 6,817 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ വേഗത്തിലാണ് കോവിഡ് 19 രോഗം വ്യാപിക്കുന്നതെന്ന് മുന്നറിയിപ്പ്.  ഐ.ഐ.ടി ഡല്‍ഹിയിലെ ഗവേഷകര്‍ ആണ് കോവിഡ് വ്യാപന നിരക്ക് വ്യക്തമാക്കുന്ന വെബ് സൈറ്റ് പ്രസിദ്ധപ്പെടുത്തിയത്. 
 
ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ദേശീയ ശരാശരിയേക്കാള്‍ വേഗത്തിലുണ്ടാകുന്നത്. ഈ സംസ്ഥാനങ്ങളിൽ കൊവിഡ് അതിവേഗമാണ് പടരുന്നത്. PRACRITI അഥവാ PRediction and Assesment of CoRona In fections and Transmission in India എന്നാണ് ഐ.ഐ.ടി ഡല്‍ഹിയിലെ ഗവേഷകര്‍ തങ്ങളുടെ വെബ്‌സൈറ്റിന് പേരിട്ടിരിക്കുന്നത്. അതേസമയം, ഈ ലിസ്റ്റിൽ ഏറ്റവും കുറവ് രോഗം പടരുന്നത് കേരളത്തിലാണ്. ഏറ്റവും കുറവ് കോവിഡ് പകരുന്ന നിരക്കുള്ള സംസ്ഥാനം കേരളമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍