പശുവിനെ മോഷ്ടിച്ചെന്ന് ആരോപണം: പശ്ചിമ ബംഗാളില്‍ രണ്ടുപേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി; 13 അറസ്റ്റ്

തുമ്പി ഏബ്രഹാം

വെള്ളി, 22 നവം‌ബര്‍ 2019 (12:46 IST)
പശ്ചിമ ബംഗാളിലെ കൂച്ച്‌ബെഹര്‍ ജില്ലയില്‍ പശുക്കടത്തെന്നാരോപിച്ച് രണ്ടു പേരെ ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തി. നമ്പര്‍ പ്ലേറ്റില്ലാത്ത ഒരു വാഹനത്തില്‍ പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ചാണ് കൊലപ്പെടുത്തിയത്. ആക്രമണവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
 
പ്രകാശ് ദാസ്, ബബുല്‍ മിത്ര എന്നിവരെയാണ് പുലര്‍ച്ചെ 5.30ന് ഇരുപതോളം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചത്. അവരുടെ പിക്ക്-അപ് വാനില്‍ പശുക്കളെ കണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം.
 
അക്രമിസംഘം വാഹനം പരിശോധിക്കാതെ രണ്ടുപേരെയും വാഹനത്തില്‍ നിന്ന് വലിച്ച് പുറത്തിട്ട് വടിയും കല്ലും കൊണ്ട് അടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും സംഘം കടന്നുകളഞ്ഞെന്നും പൊലീസ് പറഞ്ഞു.
 
യുവാക്കളെ കൂച്ച്ബാര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇവര്‍ യഥാര്‍ത്ഥത്തില്‍ പശുവിനെ മോഷ്ടിച്ചിട്ടുണ്ടോ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.അന്വേഷണത്തില്‍ 13 പേരെ ഇപ്പോള്‍ അറസ്റ്റുചെയ്തിട്ടുണ്ട്. 
 
കുച്ച്‌ബെഹര്‍ എസ്.പി സന്തോഷ് നിമ്പല്‍ക്കര്‍ പറഞ്ഞു. ആക്രമണസംഘത്തില്‍പ്പെട്ടവരെ തിരിച്ചറിയുന്നതിനായി കൂടുതല്‍ പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അറസ്റ്റുചെയ്തവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നും ഓഫീസര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍