കൊവിഡ് 19: റംസാന്‍ മാസത്തില്‍ എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരും

സുബിന്‍ ജോഷി

ബുധന്‍, 22 ഏപ്രില്‍ 2020 (11:29 IST)
കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിശുദ്ധ റംസാന്‍ മാസത്തില്‍ എല്ലാ ആരാധനാലയങ്ങളിലും നിലവിലെ സ്ഥിതി തുടരും. ഇതുസംബന്ധിച്ച് മതപണ്ഡിതന്മാരുമായി ധാരണയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നമസ്‌കാരത്തിനായി നിരവധി പേര്‍ പള്ളിയിലെത്തുന്ന കാലമാണിത്. റംസാന്‍ മാസത്തിലെ ഇഫ്താര്‍, ജുമ, അഞ്ചു നേരത്തെ ജുമ, കഞ്ഞിവിതരണം പോലെയുള്ള ദാനധര്‍മ്മാദി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം വേണ്ടെന്ന് വയ്ക്കും. ഇന്നത്തെ സാഹചര്യത്തില്‍ അതാണ് നല്ലതെന്ന് മതപണ്ഡിതന്‍മാര്‍ വ്യക്തമാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. 
 
ഇസ്ലാം പുണ്യ കേന്ദ്രങ്ങളായ മക്കയിലും മദീനയിലും നിയന്ത്രണമുണ്ടെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. കോവിഡ് നിയന്ത്രണത്തിനായി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നും അവര്‍ ഉറപ്പു നല്‍കി. സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ശരിയായ നിലപാടെടുത്ത മതനേതാക്കളോട് സര്‍ക്കാരിന്റെ നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. 
 
സമൂഹത്തിന്റെ ആവശ്യം അറിഞ്ഞു പ്രവര്‍ത്തിക്കാനും പ്രതികരിക്കാനും കഴിയുന്ന നേതൃനിരയാണ് മതസാമുദായിക സംഘടനകള്‍ക്കുള്ളത്. ഇത് സന്തോഷകരമായ കാര്യമാണ്. സമൂഹഭാവി കണക്കിലെടുത്ത് കൂടിച്ചേരലുകളും കൂട്ടപ്രാര്‍ത്ഥനകളും മാറ്റാന്‍ ഏകകണ്ഠമായ നിലപാടെടുത്ത അവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍