ഷെയിൻ നിഗത്തിന് വിലക്ക്, വെയിലും കുർബാനിയും ഉപേക്ഷിച്ചു; 7 കോടി നൽകിയാൽ മലയാള സിനിമയിലേക്ക് തിരിച്ച് വരാം

ചിപ്പി പീലിപ്പോസ്

വ്യാഴം, 28 നവം‌ബര്‍ 2019 (15:09 IST)
വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കൊടുവിൽ യുവതാരം ഷെയിൻ നിഗത്തിന് മലയാള സിനിമയിൽ വിലക്ക്. വെയിൽ, കുർബാനി എന്നീ ചിത്രങ്ങൾ ഉപേക്ഷിച്ചതായി നിർമാതാക്കൾ അറിയിച്ചു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ഷെയിനെ വിലക്കിയതായി നിർമാതാക്കളുടെ സംഘടന അറിയിച്ചത്. 
 
രണ്ട് സിനിമകൾക്കുമായി ചിലവായ 7 കോടിയോളം രൂപ നിർമാതാക്കൾക്ക് തിരിച്ച് നൽകണമെന്നും ഇല്ലെങ്കിൽ നിയമപരമായി മുന്നോട്ട് നീങ്ങാനാണ് തീരുമാനമെന്നും നിർമാതാക്കൾ പറയുന്നു. നിലവിൽ ഷെയിൻ കരാർ ഒപ്പിട്ട 
ചിത്രങ്ങളിൽ മാത്രമേ അഭിനയിക്കാവൂ എന്നും തീരുമാനിയിരിക്കുകയാണ്. പുതിയ സിനിമകളിൽ ഷെയിനെ അഭിനയിപ്പിക്കേണ്ട എന്നാണ് സംഘടനയുടെ തീരുമാനം. 
 
അതേസമയം, ലോക്കേഷനുകളിലും കാരവാനിലും ചെറുപ്പക്കാരായ താരങ്ങൾ മയക്കുമരുന്നുകളും ലഹരികളും ഉപയോഗിക്കുന്നുവെന്ന് നിർമാതാക്കൾ ആരോപിച്ചു. ലോക്കേഷനുകളിൽ പൊലീസ് പരിശോധന വേണമെന്നും ഇവർ ആവശ്യപ്പെട്ടു. സ്വബോധത്തോടെയാണ് ഷെയ്ൻ ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നതെന്ന് വിശ്വസിക്കുന്നില്ലെന്നും യുവതാരങ്ങൾക്ക് ലഹരിമരുന്ന് ഉപയോഗിക്കുന്നത് സ്ഥിരം പരിപാടിയാണോയെന്ന് സംശയമുണ്ടെന്നും നിർമാതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.   
 
നേരത്തെ ഇരുവരും തമ്മിലുള്ള തര്‍ക്കം സംഘടനകള്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. ഇതിന് പിന്നാലെ വെയില്‍ സിനിമയുടെ ചിത്രീകരണത്തിനായി വരാമെന്ന് ഷെയ്ന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് ഷെയ്ന്‍ ഷൂട്ടിംഗ് സ്ഥലത്ത് എത്തുന്നില്ലെന്നാണ് ജോബി ജോര്‍ജ് പരാതിയില്‍ ഉന്നയിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍