ശബരിമലയില്‍ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണ് പൊലീസിന്റെ നടപടി: മുഖ്യമന്ത്രി

വെള്ളി, 23 നവം‌ബര്‍ 2018 (17:51 IST)
ശബരിമലയില്‍ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണ് പൊലീസ് ഇടപെടലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഭക്തരെ പൊലീസ് തടഞ്ഞുവെന്ന വാദം തെറ്റാണ്. പൊലീസിന്റെ ഇടപെടൽ ശരിയായ ദിശയിലാണ് നടക്കുന്നത്. തീർഥാടനം തടസപ്പെടുത്തുന്നവരെ തടയാൻ പൊലീസിന്​ ഉത്തരവാദിത്തമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്​ണനോട്​ പൊലീസ്​ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയിട്ടില്ല. പ്രകോപനപരമായ ഇടപെടൽ പൊലീസിന്റെ ഭാഗത്ത്​നിന്ന്​ഉണ്ടായില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥനെയും വ്യക്തിപരമായി 14 പേജുള്ള ഉത്തരവിൽ കോടതി വിമർശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമലയെ സംബന്ധിച്ചുള്ള കോടതിയുടെ കഴിഞ്ഞ ദിവസത്തെ പരാമർശങ്ങൾ സംസഥാന സർക്കാരിനുള്ള അംഗീകാരമാണ്. സർക്കാർ വാദങ്ങൾ ഹൈകോടതി വിശ്വാസത്തിലെടുത്തു. കോടതിയുടെ ചില ചോദ്യങ്ങൾ ഉത്തരവായി വ്യാഖാനിക്കാൻ ചിലർ ശ്രമം നടത്തുകയായിരുന്നുവെന്നും പിണറായി വ്യക്തമാക്കി.

പൊലീസ് മാന്യമായി തന്നെയാണ് കാര്യങ്ങൾ നീക്കുന്നത്. ഉദ്യോഗസ്ഥരെല്ലാം നല്ല രീതിയിൽ ഡ്യൂട്ടി നോക്കുന്നു. സ്‌തുത്യർഹമായ നിലയിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നതെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍