ടിവിയോ മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും ഒരു ക്ലാസും നഷ്ടപ്പെടില്ല; മുഴുവന്‍ കുട്ടികള്‍ക്കും പഠന സൗകര്യം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

ശ്രീനു എസ്

വ്യാഴം, 4 ജൂണ്‍ 2020 (12:54 IST)
ടിവിയോ മൊബൈല്‍ ഫോണോ ഇന്റര്‍നെറ്റോ ഇല്ലാത്തതിന്റെ പേരില്‍ ഒരു കുട്ടിക്കും ഒരു ക്ലാസും നഷ്ടപ്പെടില്ലെന്നും മുഴുവന്‍ കുട്ടികള്‍ക്കും പഠന സൗകര്യം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്ലസ് വണ്‍ ഒഴികെയുള്ള ക്ലാസുകളില്‍ 41 ലക്ഷം വിദ്യാര്‍ത്ഥികളുണ്ട്. ഇതില്‍ 2,61,784 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. ഓണ്‍ലൈന്‍ പഠന സംവിധാനത്തില്‍ ഒപ്പം ചേര്‍ത്തു നിര്‍ത്തേണ്ടവരാണ് ഈ കുട്ടികളും. ഇതിനുള്ള ശ്രമം വിദ്യാഭ്യാസ വകുപ്പ് നടത്തി വരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
 
തദ്ദേശസ്വയംഭരണ സ്ഥാപനം, അധ്യാപകര്‍, പി. ടി. എ, കുടുംബശ്രീ എന്നിവര്‍ മുഖേന ഇത്തരം സൗകര്യം ഉറപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇക്കാര്യത്തില്‍ ഭരണപ്രതിപക്ഷ വേര്‍തിരിവില്ലാതെ എല്ലാ എം. എല്‍. എമാരും വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചിട്ടുണ്ട്. സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ പൊതുനന്‍മ ഫണ്ട് വിനിയോഗിച്ച് 500 ടിവി വാങ്ങിനല്‍കും. നിരവധി വിദ്യാര്‍ത്ഥി, യുവജന സംഘടനകളും സഹകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍