പ്രമുഖ പണമിടപാട് ആപ്പായ പേടിഎമ്മിനെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കി

വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (15:35 IST)
പ്രമുഖ ഓൺലൈൻ പണമിടപാട് ആപ്പായ പേടിഎമ്മിനെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കി. ഇനി മുതൽ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് പേടിഎം പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലൗഡ് ചെയ്‌ത് ഉപയോഗിക്കുവാൻ സാധിക്കില്ല. ഫാന്റസി ഗെയിമുകൾ ഓഫർ ചെയ്യുന്നത് കൊണ്ടാണ് പേടിഎ‌മ്മിനെ നീക്കം ചെയ്യുന്നതെന്നാണ് ഗൂഗിളിന്റെ വിശദീകരണം.
 
ഓൺലൈൻ ചൂതാട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആപ്പുകളെ പറ്റിയുള്ള ഗൂഗിൾ ഇന്ത്യയുടെ ബ്ലോഗിൽ പേ ടിഎമ്മിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ലേഖനം വന്നിരുന്നു. അനധികൃത ഓൺലൈൻ ചൊതാട്ടങ്ങൾ അനുവദിക്കില്ലെന്നും പെയ്‌ഡ് ടൂർണമെന്റുകളിൽ പങ്കെടുക്കാൻ അനുവദിക്കുന്ന വൈബ്‌സൈറ്റുകൾക്ക് വഴിയൊരുക്കുന്ന ആപ്പുകളും കമ്പനിയുടെ നയങ്ങൾക്ക് എതിരാണെന്നും ഗൂഗിളിന്റെ പ്രസ്‌താവനയിൽ പറയുന്നു. നിലവിൽ വിഷയത്തിൽ പേടിഎമ്മിന്റെ വിശദീകരണം തേടിയിരിക്കുകയാണ് ഗൂഗിൾ. കമ്പനിയുടെ പോളിസി അനുസരിക്കാൻ തയ്യാറായാൽ പേടിഎമ്മിനെ പ്ലേ സ്റ്റോറിൽ വീണ്ടും ഉൾപ്പെടുത്തുമെന്നും ഗൂഗിൾ പറഞ്ഞു.
 
പ്ലേ സ്റ്റോറിൽ പേടിഎം ആപ്പ് ഡൗൺലോഡ് ചെയ്‌തവർക്ക് സർവീസ് തുടർന്നും ലഭിക്കും. അതേസമയം സർവീസ് മുടങ്ങിയതായുള്ള റിപ്പോർട്ടുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍