ആമസോണിനും ആപ്പിളിനും പുറകെ വാൾട്ട് ഡിസ്‌നിയും വീഡിയോ സ്ട്രീമിങ്ങ് രംഗത്തേക്ക്

അഭിറാം മനോഹർ

വെള്ളി, 15 നവം‌ബര്‍ 2019 (19:23 IST)
വാൾട്ട് ഡിസ്നിയുടെ വീഡിയോ സ്ട്രീമിങ്ങ് സേവനമായ ഡിസ്‌നി പ്ലസ് അമേരിക്കയിൽ പുറത്തിറങ്ങി. പ്രതിമാസം 6.99 ഡോളറിനായിരിക്കും ഉപഭോക്താക്കൾക്ക് സേവനങ്ങൾ ലഭ്യമാകുക. ആമസോൺ,നെറ്റ്ഫ്ലിക്സ് എന്നിവയുടെ പൊലെ ഒറിജിനൽ കണ്ടന്റുകളും പുതിയതായി പുറത്തിറങ്ങിയ ഡിസ്‌നി പ്ലസിൽ ഉണ്ടായിരിക്കും. നിലവിൽ അമേരിക്കയിൽ മാത്രം തുടങ്ങിയ സേവനങ്ങൾ ഇന്ത്യയിൽ എപ്പോൾ എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
 
നേരത്തെ ഹോട്ട്സ്റ്റാറിലൂടെ ഡിസ്‌നി പ്ലസ് സേവനങ്ങൾ ഇന്ത്യയിൽ ലഭ്യമാക്കും എന്ന നിലയിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. ഡിസ്‌നി പ്ലസ് ഇന്ത്യയിൽ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും ലോഞ്ചിങ് ഡേറ്റ് വൈകാതെ പുറത്തുവിടും എന്നുമാണ് ഹോട്ട്സ്റ്റാർ വ്യക്തമാക്കിയിരുന്നത്.
 
അങ്ങനെയാണെങ്കിൽ ഡിസ്‌നി പ്ലസ് കൂടി ഉൾക്കൊള്ളുന്ന പ്രീമിയം സേവനങ്ങൾ ഉപഭോക്താക്കൾ ഹോട്ട്സ്റ്റാറിൽ നിന്നും സബ്സ്ക്രൈബ് ചെയ്യേണ്ടിവരും. ഇതോടെ ഹോട്ട്സ്റ്റാർ സേവനങ്ങളുടെ നിരക്ക് മുൻപത്തെ നിരക്കിന്റെ ഇരട്ടിയായി മാറും. നിലവിൽ പ്രതിമാസം 299 രൂപക്കും വർഷം 999 രൂപക്കമാണ് ഹോട്ട്സ്റ്റാർ സേവനങ്ങൾ നൽകുന്നത്. 
 
ഡിസ്‌നി പ്ലസിലൂടെ ഏകദേശം 500ന് മുകളിൽ സിനിമകളും 7500ന് മുകളിൽ ടിവി എപ്പിസോഡുകളും ലഭ്യമാകും. കൂടാതെ ഒരു സിംഗിൾ അക്കൗണ്ടിൽ നിന്ന് വ്യതസ്തമായ 4 ഡിവൈസുകൾ വഴി സ്ട്രീമിങ് ചെയ്യുവാൻ സാധിക്കും. ആദ്യത്തെ ലൈവ് ആക്ഷൻ സ്റ്റാർ വാർസ് സീരീസായ മാൻഡലോറിയൻ ഡിസ്‌നി പ്ലസിലൂടെ ആസ്വദിക്കാം എന്നതാണ് മറ്റൊരാകർഷണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍