"പടിക്കൽ വരവറിയിച്ചു, ഇന്ന് സഞ്ജുവിന്റെ ഊഴം?" രാജസ്ഥാൻ- ചെന്നൈ പോരാട്ടം ഇന്ന്

ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (12:00 IST)
ഐപിഎല്ലിൽ മലയാളി സഞ്ജു സാംസൺ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. വൈകീട്ട് 7:30ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെയാണ് രാജസ്ഥാൻ നേരിടുക. അതേസമയം നിലവിലെ ഐപിഎൽ ചാമ്പ്യന്മാരായ മുംബൈയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുക.
 
വാട്സൺ, വിജയ്, ഡുപ്ലെസി, റായുഡു, ചൗള തുടങ്ങി സീനിയർ താരങ്ങളുടെ വലിയ നിരയാണ് ചെന്നൈക്കുള്ളതെങ്കിലും ബാറ്റിങിലും ബൗളിങിലും സന്തുലിതമായ ടീമാണ് ചെന്നൈയുടേത്. രവീന്ദ്ര ജഡേജയുടെയും സാം കറന്റെയും ഓൾറൗണ്ട് മികവും ടീമിന് മുതൽക്കൂട്ടാണ്. അതേസമയം ജോസ് ബട്ട്‌ലറും, ബെൻസ്റ്റോക്‌സും ഇല്ലാതെയാണ് രാജസ്ഥാൻ ഇന്നിറങ്ങുന്നത്.
 
നായകൻ സ്മിത് പരിക്കിൽ നിന്ന് മോചിതനായത് രാജസ്ഥാന് ആശ്വാസമാണ്. ബട്ട്‌ലറും സ്റ്റോക്‌സും ഇല്ലാതെയിറങ്ങുന്ന രാജസ്ഥാൻ നിരയിൽ വലിയ ഉത്തരവാദിത്തമാണ് സഞ്ജു സാംസണിന് മേലുള്ളത്. രാജസ്ഥാനായി  റോബിൻ ഉത്തപ്പയ്‌ക്കൊപ്പം യുവതാരം യശസ്വി ജയ്സ്വാൾ ഇന്നിംഗ്സ് തുറക്കാനാണ് സാധ്യത. ഇംഗ്ലീഷ് പേസർ ജോഫ്ര ആ‍ർച്ച‍ർ, ഡേവിഡ് മില്ലർ, ടോം കറൻ എന്നിവരായിരിക്കും രാജസ്ഥാന്റെ മറ്റ് വിദേശതാരങ്ങൾ. ബട്ട്‌ലറിന്റെയും സ്റ്റോക്‌സിന്റെയും അഭാവം രാജസ്ഥാന് വലിയ തിരിച്ചടിയാണെങ്കിലും സഞ്ജു ഉൾപ്പടെയുള്ള ബാറ്റിങ് നിര അത്ഭുതങ്ങൾ കാണിക്കാൻ കെൽപ്പുള്ളവരാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍