"വില്ലനല്ല, ഹീറോ" സ്റ്റമ്പിനടിച്ച് പോകാൻ പറഞ്ഞവർക്ക് ബാറ്റ് കൊണ്ട് മറുപടി

തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (12:50 IST)
അവിശ്വസനീയം, ആ ഒരൊറ്റ വാക്കുകൊണ്ട് മാത്രമെ കിങ്സ് ഇലവൻ പഞ്ചാബും രാജസ്ഥാൻ റോയൽ‌സും തമ്മിൽ ഇന്നലെ നടന്ന ഐപിഎൽ മത്സരത്തെ വിശേഷിപ്പിക്കാൻ സാധിക്കു. ഒരു സസ്‌പെൻസ് ത്രില്ലർ സിനിമ‌യ്ക്ക് വേണ്ട എല്ലാ ചേരുകളും നിറഞ്ഞ മത്സരം. ഒരു ഘട്ടത്തിൽ ടീമിന്റെ വില്ലനായി നിന്നിരുന്ന ഒരാൾ നായകനായി കളം മാറുന്നതിന്റെ അത്ഭുതം ആശ്ചര്യം ഇതെല്ലാം നിറഞ്ഞതായിരുന്നു രാജസ്ഥാനും പഞ്ചാബും തമ്മിൽ നടന്ന ഐപിഎൽ മത്സരം.
 
മായങ്ക് അഗർവാളിന്റെ സെഞ്ചുറി പ്രകടനവും സഞ്ചു സാംസണിന്റെ കിടിലൻ അർധസെഞ്ചുറിയും ഉണ്ടെങ്കിൽ കൂടി ഇന്നലെ ആളുകൾ ഏറ്റവുമധികം ചർച്ചയാക്കിയത് രാഹുൽ തേവാട്ടിയ എന്ന രാജസ്ഥാൻ മധ്യനിര താരത്തിന്റെ പ്രകടനത്തെ. ഒരു ഘട്ടത്തിൽ 18 പന്തിൽ നിന്നും ജയിക്കാൻ രാജസ്ഥാന് 51 റൺസ് വേണമെന്ന അവസ്ഥയിൽ പഞ്ചാബ് വിജയം ഉറപ്പിച്ചിരിക്കണം.
 
സ്റ്റീവ് സ്മിത്തിന് ശെഷം ക്രീസിലെത്തിയ രാഹുൽ തേവാട്ടിയയാണ് ക്രീസിൽ. രൺനിരക്ക് 15 വേണമെന്ന അവസ്ഥയിൽ ക്രീസിലെത്തി പന്ത് ബാറ്റിൽ കൊള്ളിക്കാൻ പോലും കഷ്ടപ്പെട്ടിരുന്ന താരം. സിംഗിളുകൾ പതിവാക്കിയതോടെ ബാറ്റിങിന്റെ ഉത്തരവാദിത്തം മുഴുവൻ തന്റെ പേരിലായ സഞ്ജു ഒരു തവണ തേവാട്ടിയക്ക് സ്ട്രൈക്ക് നിഷേധിക്കുക കൂടി ചെയ്‌തു. രാജസ്ഥാൻ തോൽവിയുടെ മുഴുവൻ പഴിയും യുവതാരത്തിന് മേൽ വീഴുമെന്ന് കളികണ്ടിരിക്കുന്ന എല്ലാവരും കരുതി. 17ആം ഓവറിൽ മുഹമ്മദ് ഷമി സഞ്ജു സാംസണിനെ പുറത്താക്കുക കൂടി ചെയ്‌തതോടെ എല്ലാവരും രാജസ്ഥാനിന്റെ തോൽവി ഉറപ്പിച്ചു. എന്നാൽ അവിടെ നിന്ന് ജയിക്കാൻ തീരുമാനിച്ചായിരുന്നു തേവാട്ടിയ നിൽപ്പെന്ന് ആർക്കറിയാൻ. 
 
അതുവരെ വില്ലനായിരുന്ന താരം നായകനായി മാറുന്ന നിമിഷത്തിനായിരുന്നു  ഷെൽഡ്രൺ കോട്രൽ എറിഞ്ഞ 18ആം ഓവറിൽ ഷാർജ സാക്ഷിയായത്. വില്ലനായി അതുവരെ നിന്നിരുന്ന താരം ഹീറോയായി സൂപ്പർമാനായി മാറുന്ന ക്രിക്കറ്റിന്റെ അപ്രവചനീയത എന്ന സൗന്ദര്യം. വിജയത്തിനായി 18 പന്തിൽ 51 റൺസ് വേണമെന്നിരിക്കെ ആദ്യ പന്ത് തന്നെ സിക്‌സർ, രണ്ടാം പന്തും വീണ്ടും ഗാലറിക്ക് പുറത്തേക്ക്. ഒരു ഫ്ലൂക്ക് ആയിരിക്കും എന്ന് കാണികൾ വിജാരിച്ചിരിക്കെ മൂന്നാം പന്തിലും സിക്‌സർ, നാലാം പന്ത് വീണ്ടൂം ബൗണ്ടറി ലൈനിന് വെളിയിലേക്. ആറാം പന്തും സിക്‌സർ നേടുമ്പോൾ കോട്രലിന്റെ 18ആം ഓവറിൽ പിറന്നത് 30 റൺസ്, മത്സരത്തെ തന്നെ മാറ്റിമറിച്ച ഓവർ. ശേഷം രണ്ടോവറിൽ വേണ്ടത് 21 റൺസുകൾ മാത്രം.
 
23 പന്തിൽ 17 റൺസ് എന്ന നിലയിലുണ്ടായിരുന്ന താരത്തിൽ നിന്നും ആരും അത്തരട്ടിലൊന്ന് പ്രതീക്ഷിച്ചു കാണില്ല. 18ആം ഓവർ തീരുമ്പോൾ തേവാട്ടിയയുയ്യ്ടെ സ്കോർ 29 പന്തിൽ 29 പന്തിൽ 47. ഏഴ് സിക്‌സ് ഉള്‍പ്പെടെ 31 പന്തില്‍ 53 റണ്‍സ് നേടി തേവാട്ടിയ പുറത്താകുമ്പോളേക്ക് രാജസ്ഥാൻ മത്സരത്തിൽ തങ്ങളുടെ വിജയം ഉറപ്പിച്ചിരുന്നു. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചേസ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍