'എന്നെ ആരെങ്കിലുമൊന്ന്​ കൊന്ന്​തരുമോ? ഹൃദയത്തിൽ കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്’ - പൊട്ടിക്കരയുന്ന മകന്റെ വീഡിയോ പങ്ക് വെച്ച് അമ്മ

ചിപ്പി പീലിപ്പോസ്

വെള്ളി, 21 ഫെബ്രുവരി 2020 (15:52 IST)
ബോഡി ഷെയ്മിംഗ് മലയാളികൾക്ക് പരിചിതമായ വാക്കാണ്. കുള്ളനെന്നും, തോട്ടിയെന്നും, നീർക്കോലിയെന്നും, ആനയെന്നും പെൻ‌സിലെന്നുമൊക്കെയുള്ള വിളി മലയാളികൾ ഇഷ്ടം പോലെ പരിചയക്കാരേയും അല്ലാത്തവരേയും വിളിക്കലുണ്ട്.  
 
അത്തരത്തിൽ കൂട്ടുകാരുടെ ബോഡി ഷെയ്മിങ്ങിൽ മനമുരുകി കരയുന്ന ഒൻപത് വയസുകാരന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഉയരക്കുറവിന്റെ പേരിൽ ‘കുള്ളനെ’ന്ന വിളിയിൽ പരിഹാസ്യനാവുകയാണ് ക്വാഡന്റ്. 
 
ആസ്ട്രേലിയയിലാണ് സംഭവം. ക്വാഡന്റെ അമ്മ യരാക ബെയിലീ​ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ ആണ് കുട്ടി താനനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് കരഞ്ഞുകൊണ്ട് പറയുന്നത്. ഉയരക്കുറവിന്റെ പേരിൽ  സഹപാഠികൾ നിരന്തരം കളിയാക്കുകയാണെന്നും അരെങ്കിലും തന്നെ കൊല്ലുമോ എന്നും കുഞ്ഞു ക്വാഡൻ ചോദിക്കുന്നത് വീഡിയോയിൽ കാണാം.
 
ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ വ്യക്തവും ശക്തവുമായ ഒരു സാന്ദേശവും ഈ അമ്മ നൽകുന്നുണ്ട്. പരിഹാസവും അധിക്ഷേപവും കുട്ടികളുടെ മനസിൽ എത്രത്തോളം പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്നും അതവരുടെ മനസിനെ മുറിവെൽപ്പിക്കുമെന്നും ഇവർ കുറിച്ചു.  
 
‘മറ്റുകുട്ടികളെ പോലെ എല്ലാ ദിവസവും സ്​കൂളിൽ പോകാനും പഠിക്കാനും ആസ്വദിക്കാനുമാണ്​എന്റെ മകനും പോകുന്നത്​. എന്നാൽ ഓരോ ദിവസവും കരഞ്ഞുകൊണ്ടാണ് അവൻ തിരിച്ച് വരുന്നത്. പൊക്കകുറവ് കാരണം കൂട്ടുകാർ എന്നും പരിഹസിക്കുന്നുവെന്ന് മകൻ പറയുന്നു. അവന്റെ ഹൃദയം നുറുങ്ങുന്നത് എനിക്ക് കാണാം. മാതാവെന്ന നിലക്ക്​ ഞാൻ ഒരു പരാജയമാണെന്നും നമ്മുടെ വിദ്യാഭ്യാസ വ്യവസ്​ഥ തന്നെ ഒരു പരാജയമാണെന്നും ആ സാഹചര്യത്തിൽ തോന്നിയതായും അവർ കൂട്ടിച്ചേർത്തു.
 
‘എനിക്ക്​ ഒരു കയർ തരൂ.. ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്​… ഹൃദയത്തിൽ കത്തി കുത്തിയിറക്കാനാണ്​ തോന്നുന്നത്​… എന്നെ ആരെങ്കിലുമൊന്ന്​ കൊന്ന്​ തന്നിരുന്നുവെങ്കിൽ…‘ ഒമ്പത്​ വയസുകാരനായ ക്വാഡൻ വിഡിയോയിൽ പറയുന്നത്​ ഇത്തരം അപകടകരമായ കാര്യങ്ങളാണ്​.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍