ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (12:43 IST)
ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ സെന്‍സോ മെയിവ (27) അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് മരിച്ചു. ജോഹന്നാസ്ബര്‍ഗിനടുത്ത് വോസ്‌ലൂറസ് പട്ടണത്തിലുള്ള കാമുകിയും പോപ് ഗായികയുമായ കെല്ലി ഖുമാലോയുടെ വീട്ടിൽ വെച്ചാണ് മെയിവയ്ക്കു നേരെ വെടിവെപ്പ് ഉണ്ടായത്.

മൂന്നു പേരടങ്ങുന്ന അക്രമി സംഘം വീട്ടിലെത്തുകയായിരുന്നു. സംഘത്തിലെ ഒരാള്‍ വീടിന് പുറത്ത് നില്‍ക്കുകയും മറ്റു രണ്ടുപേര്‍ വീടിനുള്ളിലേക്ക് കയറുകയുമായിരുന്നു. അക്രമികൾ മെയിവയുടെ മൊബൈൽ ഫോൺ ആവശ്യപ്പെട്ടു. ഇത് നൽകാതെ വന്നപ്പോഴാണ് അക്രമികള്‍ വെടിവെച്ചത്. താരത്തിന്റെ നെഞ്ചിലാണ് വെടിയേറ്റത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെല്ലിക്കും വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർക്കും അപകടമൊന്നും പറ്റിയിട്ടില്ല. അക്രമികളെ കണ്ടെത്താൻ തെരച്ചിൽ തുടങ്ങി.

ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായിരുന്ന ഇത്‌മെലംഗ് ഖുനെയുടെ പകരക്കാരനായി കഴിഞ്ഞവർഷമാണ് മെയിവ ദേശീയ ടീമിലെത്തിയത്. ഇക്കൊല്ലം നടന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ടീമിന്റെ നായകനായിരുന്നു മെയിവ. കഴിഞ്ഞ നാല് യോഗ്യതാ മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക ഗോള്‍ വഴങ്ങിയിട്ടില്ല.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക