സിമൺ കെയർ, നിങ്ങളൊരു ഹീറോയാണ്

ഞായര്‍, 13 ജൂണ്‍ 2021 (09:43 IST)
യൂറോ കപ്പിനിടെ ഡെന്മാർക്ക് സൂപ്പർതാരം ക്രിസ്റ്റ്യൻ എറിക്‌സൺ കുഴഞ്ഞുവീണതിനെ തുടർന്നുള്ള ഏതാനും നിമിഷങ്ങൾ ഫുട്‌ബോൾ ആരാധകർ ഏറെ നെഞ്ചിടിപ്പോടെയാണ് കണ്ടത്. മത്സരത്തിന്റെ 42-ാം മിനിറ്റിൽ കുഴഞ്ഞുവീണ താരത്തിന്റെ ആരോഗ്യസ്ഥിതിയിൽ ഇപ്പോൾ പുരോഗതിയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലോകമെങ്ങും എറിക്‌സണിന് വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഡെൻമാർക്ക് നായകൻ സിമൺ കെയറിന്റെ അവസരോചിത ഇടപെടൽ കൊണ്ട് കൂടിയാണ് താരത്തിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനായത് എന്നതാണ് വസ്‌തുത.
 
ഫിൻലൻഡിനെതിരായ മത്സരത്തിൽ ഇടവേളയ്‌ക്ക് തൊട്ടുമുൻപാണ് ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീണത്. ആദ്യം എറിക്‌സണിനടുത്ത് ഓടിയെത്തിയ ഡെന്മാർക്ക് നായകൻ സിമൺ കെയർ എറിക്‌സണെ മരണത്തിന് വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. വൈദ്യസംഘം ഓടിയെത്തും മുൻപേ കൃത്രിമശ്വാസം നൽകി. ബോധം നഷ്ടമായിരുന്ന എറിക്സന്റെ നാവ് ഉള്ളിലേക്ക് വലിഞ്ഞ് ശ്വാസം നഷ്ടപ്പെടാതെ കാത്തു. ഡോക്ടർമാർ എത്തുമ്പോഴേക്കും പ്രാഥമിക  ചികിത്സ നൽകി.
 
ഗാലറിയിലുള്ള എല്ലാവരും ആശങ്കയോടെ മൈതാനത്തി‌ൽ നോക്കിനിൽക്കെ സഹതാരത്തിന് മാധ്യങ്ങളുടെ കഴുകൻ കണ്ണുകളിൽ നിന്നും സംരക്ഷിച്ച് താരത്തിന് അർഹമായ സ്വകാര്യത നൽകി. എറിക്സന് ചുറ്റും മനുഷ്യമതിൽ തീർത്ത ഡെൻമാർക്ക് നിര എറിക്‌സണിനെ പുതപ്പിച്ചിരുന്നത് ഫിൻലൻഡ് പതാക. ഇതിനിടയിൽ പരിഭ്രാന്തയായി പൊട്ടിക്കരഞ്ഞ എറിക്സന്റെ ഭാര്യയെ ആശ്വസിപ്പിച്ചതും കെയറായിരുന്നു. കെയറിന്റെ അവസരോചിതമായ ഇടപെടലാണ് എറിക്‌സണിന്റെ ജീവൻ രക്ഷിച്ചതെന്ന് ഡോക്ടർമാരും പറയുമ്പോൾ ലോകമെങ്ങും ആ വാക്കുകൾ മുഴങ്ങി കേൾക്കുകയാണ്.
 
സിമൺ കെയർ നിങ്ങളാണ് യഥാർത്ഥ നായകൻ, നിങ്ങളാണ് യഥാർത്ഥ ഹീറോ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍