'വിനീതിനോട് സിപിഎമ്മിൽ ചേരാൻ പറഞ്ഞു, പിന്നീട് മാറ്റി പറഞ്ഞു', സത്യമെന്തെന്ന് വെളിപ്പെടുത്തി ശ്രീനിവാസൻ !

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (13:41 IST)
മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് ഫെയ്സ്ബുക്കിൽ അക്കൗണ്ട് ഉണ്ടായിരുന്നില്ല. എന്നാൽ താരത്തിന്റെ പേരിൽ നിരവധി വ്യാജ ആക്കൗണ്ടുകൾ വഴി തെറ്റായ വാർത്തകൾ പ്രചരിച്ചിരുന്നു. ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ തന്നെ വ്യാജ പ്രചരണങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുകയാണ് ശ്രീനിവാസൻ.
 
മകൻ വിനീതിനോട് ശ്രീനിവാസൻ സിപിഎമ്മിൽ ചേരാൻ ആവശ്യപ്പെട്ടു എന്നായിന്നു പ്രധാന പ്രചരണങ്ങളിൽ ഒന്ന്. ഫെയ്സ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഇക്കാര്യങ്ങൾക്ക് ശ്രീനിവാസൻ വ്യക്തത നൽകി. ഫെയ്ക്കന്മാർ ജാഗ്രതൈ, ഒറിജിനൽ വന്നു എന്ന തലക്കുറിപ്പോടുകൂടിയാണ് ശ്രീനിവാസൻ വീഡിയോ പോസ്റ്റ് ചെയ്തിരികുന്നത്.  
 
ഫെയ്സ്ബുക്ക് വീഡിയോയിൽ ശ്രീനിവാസൻ പറഞ്ഞത് 
 
ഫെയ്സ്ബുക്കിൽ ഇതേവരെ എനിക്ക് ഒരു അക്കൗണ്ട് ഇല്ല. പക്ഷേ എന്റ സുഹൃത്തുക്കളുടെ സഹാത്തോടെ എനിക്ക് ആറ് ഫെയ്ക്ക് അക്കൗണ്ട് ഉണ്ട് എന്ന് അറിയാൻ സാധിച്ചു. ആ അക്കൗണ്ടിലൂടെ ഞാൻ പറഞതായി പല കാര്യങ്ങൾ പറയുന്നുണ്ട്. ഉദാഹരണത്തിന് എന്റെ മകൻ വിനീതിനോട് ഞാൻ ചില രാഷ്ട്രീയ ഉപേദേശങ്ങൾ നൽകിയതായി. സിപിഎമ്മിൽ ചേരണമെന്ന് ഒരിക്കൽ. സിപിഎമ്മിൽ ചേരരുത് എന്ന് പിന്നീട്. സിപിഎമ്മിൽ ചേരുന്നത് സൂക്ഷിക്കണം അത് ഒരു ചൂണ്ടയാണ് എന്നൊക്കെ.
 
ഇന്നുവരെ ഞാൻ വിനീതിനോട് രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ല. കാരണം പ്രായപൂർത്തിയാകുമ്പോൾ ഇവിടെ നടന്നുകൊണ്ടിരിക്കുന്ന കാര്യത്തെ കുറിച്ച് തിരിച്ചറിയാൻ അവരരവർക്ക് കഴിവുണ്ടാകണം, വിനീതിന് ആ കഴിവുണ്ട് എന്നാണ് എന്റെ വിശ്വാസം. വിനീതിന് മാത്രമല്ല ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പുറത്ത് പറയാത്തവർക്കുപോലും വ്യക്തമായ നിലപാട് ഉണ്ടാകും, 
 
അതുകൊണ്ട് എന്റെ ഉപദേശമോ അഭിപ്രായമോ ഒരാൾക്കും ആവശ്യമില്ല. ഞാൻ ആരെയും ഉപദേശിക്കാൻ തയ്യാറല്ല. ലോകത്തിലെ ഏറ്റവും വൃത്തികെട്ട പരിപാടിയാണ് ഉപദേശം എന്ന് എനിക് അറിയാം. ഞാൻ പറഞ്ഞതായി ഫെയ്ക് അക്കൗണ്ടുകളിലൂടെ എഴുതുന്നവർക്ക് ആ സത്യം അറിയില്ലായിരിക്കും. ഇനിയെങ്കിലും അവർ അത് മനസിലാക്കണം 'ശ്രീനിവാസൻ പട്ട്യം ശ്രീനി' എന്ന പേരിൽ ഔദ്യോഗികമായ ഒരു അക്കൗണ്ട് ഞാൻ തുടങ്ങിയിരിക്കുകയാണ്. എനിക്ക് പറയാൻ ഇഷ്ടമുള്ള ഉപദേശമല്ലാത്ത ചില കാര്യങ്ങൾ ഉണ്ട്. അത് പറയൻ ഈ അക്കൗണ്ടിലൂടെ ഞാൻ ശ്രമിക്കും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍